ഒരു തിരുവനന്തപുരം യാത്ര

ഒരു തിരുവനന്തപുരം യാത്ര


2017 ലെ ജന്മാഷ്ടമിയും സ്വാതന്ത്ര്യദിനവും തിങ്കൾ ചൊവ്വാ ദിനങ്ങളിൽ അടുത്തു വന്നതും, മുന്നോടിയായി ശനി, ഞായർ ദിവസങ്ങൾ വന്നതിനാൽ അവധി ദിവസമായതും നാലുദിവസത്തേക്കായി വല്ലപ്പോഴും കിട്ടുന്ന നീണ്ട അവധിക്കു കാരണമ്മാവുകയായിരുന്നു. മഞ്ജുവിന് അവധി എടുക്കേണ്ടി വന്നുവെങ്കിലും ആത്മികയ്ക്കും എനിക്കും ലീവുതന്നെയായിരുന്നു ഈ ദിവസങ്ങളിൽ. ആത്മികയുടെ നാലാമത് ജന്മദിനം ആഗസ്റ്റ് 15 നു വന്നതും നല്ലൊരു കാലമായി ഇത് മാറുമെന്നുറപ്പായിരുന്നു. യാത്രാ ടിക്കറ്റൊക്കെ മുങ്കൂറായി തന്നെ കല്ലഡ ട്രാവൽസിൽ ബുക്ക് ചെയ്തു വെച്ചിരുന്നു.

ബാംഗ്ലൂരിലെ മഡിവാളയിൽ നിന്നും വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു ബസ്സ് യാത്ര തുടങ്ങുന്നത്. ആത്മികയ്ക്ക് രാവിലെ മുതലേ നല്ല പനി ആയിരുന്നു. അവളെ പകൽസമയങ്ങളിൽ പരിചരിക്കുന്ന വിജയമ്മ ഉച്ചയ്ക്കുതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ ചർദ്ദിയും തുടങ്ങി കൂടുതൽ തീഷ്ണമായി മാറി. വൈകുന്നേരം ഇതേ കാരണത്താൽ ഒന്നുകൂടെ ഡോക്ടറെ കാണേണ്ടി വന്നു. വെള്ളം പോലും കുടിക്കാനാവാത്ത ദിവസമായി പോയി ആത്മികയ്ക്ക് ആ ദിവസം. വൈകുന്നേരം അല്പം മരുന്നു കൊടുത്തശേഷം വളരെ കുറച്ചുമാത്രം കഴിക്കാനവൾ സമ്മതിച്ചു. ബസ്സ് യാത്ര തുടങ്ങുമ്പോൾ രാത്രി 11:30 ആയി. ബസ്സിൽ നന്നായി അവൾ ഉറങ്ങിയെങ്കിലും കലശലായ ചൂടിനാൽ ഏറെ പ്രയാസപ്പെട്ടുള്ള ഉറക്കമായിരുന്നു അവൾക്ക്.

ബസ്സ് തുടങ്ങാൻ മാത്രമല്ല, തിരുവന്തപുരത്ത് എത്തിച്ചേരാനും വൈകി. ബസ്സിൽ വെച്ച് അവൾ കുറച്ച് ഭക്ഷണവും മരുന്നും കഴിച്ചു, പനിയല്പം ശമിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവന്തപുരത്ത് ഇറങ്ങി. കൂട്ടുകാരൻ സുഗീഷ് കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും കൂടെ അജയ് താമസിക്കുന്ന വീട്ടിലേക്ക് ഓട്ടോയിൽ യാത്ര തിരിച്ചു. രാവിലെ 9 മണിക്കെത്തിയ അമ്മ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എത്തിയപ്പോൾ തന്നെ ആത്മിക നന്നായിട്ടുറങ്ങി. ഉറക്കക്ഷീണം കഴിഞ്ഞപ്പോൾ വൈകുന്നേരത്തോടെ ശനിയാഴ്ച അഖിലിന്റെ കൂടെ പത്മനാഭസ്വാമീക്ഷേത്രത്തിലേക്കു പോയി. അമ്മയും മഞ്ജുവും കുഞ്ഞും അമ്പലത്തിനകത്ത് കയറി കണ്ടെങ്കിലും ഷർട്ട് അഴിക്കാത്തതിനാൽ എനിക്കു കയറാൻ പറ്റിയില്ല; അവർ വരുന്ന സമയം വരെ അഖിലിന്റെ കൂടെ ഞാൻ പുറത്തിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌ ശ്രീപത്മനാഭസ്വാമി. തിരുവിതാംകൂർ രാജ്യത്തെ അപ്പാടെ ശ്രീപദ്മനാഭന് സമർപ്പിച്ച് അതിനു തൃപ്പടിദാനം എന്നു പേരു കൊടുത്തതൊക്കെ പണ്ട് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മയെ പറ്റി പഠിക്കുമ്പോൾ ഉള്ള കാലമൊക്കെ ഓർമ്മയിലെത്തി. ഡച്ചുകാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിവാക്കുന്നതാണ്. ഇതുമൂലം ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്പിയനെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിനൂള്ളതാണ്. 1750 ജനുവരി 3 ന്‌ തിരുവിതാംകൂർ ശ്രീ പത്മനാഭന് അടിയറവു വെച്ച് ശ്രീ പത്മനാഭദാസൻ എന്ന പേരിനാലാണ് പിന്നീടുള്ളവരും തിരുവിതാംകൂർ ഭരിച്ചത്. അജയന്റെ വീട്ടിൽ നിന്നും നടന്നായിരുന്നു ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. തിരിച്ചു വന്നത് ഓട്ടോയ്ക്കും. കുഞ്ഞിനു സുഖമില്ലാത്തതിനാൽ മറ്റെവിടേയും പോകാതെ ശനിയാഴ്ച കഴിച്ചുകൂട്ടി.

മൃഗശാല

ഞായറാഴ്ച ആത്മിക പനിയൊക്കെ വെടിഞ്ഞ് പൂർവ്വാധികം ആരോഗ്യവതിയായി കാണപ്പെട്ടു. ഭക്ഷണം കഴിച്ച് മരുന്നു കഴിച്ചപ്പോൾ രാവിലെ തന്നെ കറങ്ങാൻ പോകാമെന്നു കരുതി. ഒലയിലെ 10 മണിക്കൂർ യാത്ര 1200 രൂപയ്ക്ക് എന്ന പദ്ധതി പ്രകാരം ബുക്ക് ചെയ്ത കാറിൽ രാവിലെ തന്നെ തിരുവന്തപുരം മൃഗശാലയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണിത്; ഇന്ത്യയിലെ തന്നെ ആദ്യത്തെ മൃഗശാലയുമാണ്. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സഹോദരനായ ഉത്രം തിരുനാളാണ് മ്യൂസിയവും മൃഗശാലയും നിര്‍മ്മിക്കാനായി കമ്മറ്റി രൂപീകരിച്ചതും 1857 ഇൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് ശാലയുടെ കിടപ്പ്. മൃഗശാലയിലേക്ക് ഒരാൾ കേവലം 20 രൂപയ്ക്ക് പാസ് വേണമെന്നുണ്ടെങ്കിലും ഇവിടെ ബാംഗ്ലൂരിൽ ഉള്ളതിനേക്കാൾ എത്രയോ മികച്ചതാണ് ഈ മൃഗശാല. കണ്ടാമൃഗവും വിവിധ പുലികളും, കടുവകളും, മാനുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ മൃഗശാല മൈസൂരുള്ള മൃഗശാലയെക്കാൾ പ്രകൃതി ദൃശ്യത്താലും, ഹരിത ഭംഗിയാലും ഹൃദ്രമാവുന്നു എന്നുമുണ്ട്. വലിയൊരു വനത്തിലൂടെ കണ്ടു നടക്കുന്ന പ്രതീതി പലപ്പോഴും തോന്നും, ഇടയിലുള്ള തടാകവും ഏറെ ഹൃദ്യമാക്കുന്നു. പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ എന്നിവയോട് പരിസരത്തെ ഷോപ്പുടമകൾ പുലർത്തുന്ന മനോഭാവവും ഏറെ ചിന്തനീയമാണ്. സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന നേപ്പിയർ മ്യൂസിയവും കുഞ്ഞിനു കളിക്കാൻ പാകത്തിനുള്ള ചിൽഡ്രൻസ് പാർക്കും, സമീപത്തെ ത്രിഡി ജുറാസിക് ഷോയും ശ്രദ്ധിക്കച്ചെങ്കിലും ഞായറഴ്ച അതു വിട്ട് ചൊവ്വാഴ്ചയിലെ ആത്മികയുടെ ജന്മദിനം ഭംഗിയാക്കാൻ ഇതുതന്നെ ഉപയോഗിക്കാം എന്നു കരുതി ഒഴിവാക്കി.

ശംഖുമുഖം കടൽത്തീരം

തുടർന്ന് പാളയത്തു നിന്നും ഉച്ചഭക്ഷണം അല്പം നേരത്തേ കഴിച്ചു, നേരെ ശംഖുമുഖം കടപ്പുറത്തേക്കു വിട്ടു. തിരുവനതപുരം നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു കടപ്പുറമാണിത്. കാനായി കുഞ്ഞിരാമന്‍ പണിത 35 മീറ്റർ നീളമുള്ള ജലകന്യകയുടെ ശില്‍പം ഇവിടെ കാണാം. ശില്പചാരുതിയൊഴിച്ചാൽ ഒരു കടപ്പുറം എന്നതിനപ്പുറം മറ്റൊന്നുമില്ലാതെ കാണാമെന്നേ ഉള്ളൂ. വിമാനതാവളം ഇതിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്ത രണ്ട് കൽമണ്ഡപങ്ങൾ അവിടെ കാണാനായിരുന്നു. പ്രത്യേകിച്ച് പരിരക്ഷയൊന്നുമില്ലാതെ അനാഥമായി കിടക്കുന്ന നിലയിലായിരുന്നു അതിന്റെ നിൽപ്പ്. അല്പസമയം മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ, തുടർന്ന് ഞങ്ങൾ പൂവാർ ബീച്ചിലേക്ക് യാത്രയായി.

പൂവാർ ബീച്ച്

കാസർഗോഡ് മഞ്ചേശ്വരം മുതൽ നീണ്ടുകിടക്കുന്ന കേരളം അവസാനിക്കുന്നത് ഒരുപക്ഷേ അടുത്തുള്ള പൊഴിയൂർ ഗ്രാമത്തിലായിരിക്കണം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് പൂവാർ പുഴയിലൂടെ ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു അത്. ബോട്ടിന്റെ മുന്നിലെ സീറ്റിലിരുന്ന് അറിഞ്ഞാഹ്ലാദിക്കുകയായിരുന്നു അവൾ. പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാർ ഗ്രാമം. വേലിയേറ്റ സമയത്ത് കടലും പുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. ഞങ്ങൾ പോവുമ്പോൾ പരസ്പരം ബന്ധപ്പെടാതെ ഒരു മറപോലെ മണൽപ്പരപ്പുണ്ടായിരുന്നു. 56 കിലോമീറ്ററോളം ദൂരം താണ്ടുന്ന നെയ്യാർ പുഴ അഗസ്ത്യമലയിൽ നിന്നാരംഭിച്ച് കടലിൽ ചേരുന്ന നെയ്യാറ്റിങ്കരയിലെ സ്ഥലവും പൂവാറിനടുത്തു തന്നെ. മാർത്താണ്ഡവർമ്മയാണത്രേ പൂവും ആറും ചേർന്ന പൂവാർ എന്ന പേരു നൽകിയതുതന്നെ. ബോട്ടുയാത്ര നിയന്ത്രിച്ചത് ടോണി എന്ന ബോട്ടുകാരനായിരുന്നു, ആത്മികകയ്ക്കു വേണ്ടിയുള്ള കൗശലങ്ങൾ അവനും പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾ താമസിച്ച തിരുവന്തപുരത്തെ അജയന്റെ വീട്ടിൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു ഇവിടേക്ക്.

എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി

പൂവാർ പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ കാണാവുന്ന രസകരമായ കാഴ്ചയാണ് എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി എന്നിവ. ഒരു ആന വെള്ളത്തിൽ കിടന്നതുപോലെ തോന്നുന്ന കല്ലാണ് എലഫന്റ് റോക്ക്. അതിനു മുകളിൽ കൊണ്ടുപോയി കുരിശു നാട്ടി എന്നതൊഴിച്ചാൽ മനോഹരമായൊരു കാഴ്ചതന്നെയാണത്. പുഴയോരത്ത് കണ്ട വിവിധ പാറക്കെട്ടുകൾക്ക് മുകളിൽ കുരിശുകൾ തലയുയർത്തി തന്നെ നിൽപ്പുണ്ട്. അതിലൊന്നാണ് ആ കുരിശുപള്ളി. കല്ലു തുരന്ന് ഭൂമിക്കടിയിലാണ് പള്ളിയുള്ളത്. ഞങ്ങൾ ബീച്ചിൽ ഇറങ്ങാനൊന്നും പോയില്ല, നേരെ ബോട്ടിൽ കറങ്ങി നടന്നു. കായലിനും കടലിനും ഇടയിലുള്ള മണൽത്തിട്ട നിലേശ്വരത്തും ഉള്ളതിനാൽ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല എന്നേ ഉള്ളൂ. കായലിനു ചുറ്റുമായി ഇടതിങ്ങി നിൽക്കുന്ന കണ്ടൽകാടുകൾക്ക് ഒരു മനോഹാരിതയുണ്ട്. ബോട്ടുയത്രയ്ക്ക് ഒരാൾക്ക് ഒരു മണിക്കൂറിന് 1000 രൂപവെച്ച് 3000 രൂപയായിരുന്നു ബോട്ടുടമകൾ വാങ്ങിച്ചത്. എന്തായാലും മനോഹരമായിരുന്നു യാത്ര. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്, തടാകത്തിൽ തന്നെയുള്ള ഫ്ലോട്ടിങ് ഹോട്ടലുകൾ അടക്കം അവിടെ കാണാനുണ്ട്. താമസം അധികവും വിദേശീയരാണെന്നായിരുന്നു ഡ്രൈവർ ടോണി പറഞ്ഞത്. തമിഴ്നാടിന്റെ അതിർത്തിയോളം ഞങ്ങൾ പോയി മടങ്ങി. ശംഖുമുഖത്തു നിന്നും 15 കിലോമീറ്റർ അകലെയാണു കോവളം; പൂവാറിലേക്ക് 32 കിലോമീറ്ററും. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു ഈ ബോട്ടുയാത്ര.

കോവളം

പൂവാറിൽ നിന്നും തിരുവന്തപുരത്തേക്ക് തിരിക്കും മധ്യേ ഏകദേശം 17 കിലോമീറ്റർ മധ്യത്തിലായി കോവളം എത്തുന്നു. സീസൺ സമയമല്ലാത്തതിനാൽ കോവളം അല്പം നിരാശപ്പെടുത്തിയെങ്കിലും മനോഹരമായ കടൽത്തീരവും കറുത്ത മണലും കാണാൻ പറ്റി എന്നുണ്ട്. അല്പം സമയം കോവളം കടലലകളിലൂടെ നടന്ന് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ വീടണഞ്ഞു. ആത്മിക ഭക്ഷണം കഴിച്ച് സുന്ദരമായി കിടന്നുറങ്ങി…

സഹ്യപർവ്വതസാനുക്കളിലൂടെ

തിങ്കളാഴ്ച തമിഴ് നാട്ടിലേക്ക് വിട്ടു. നാഗർകോവിലിലെ ഹോട്ടലിൽ നിന്നും പ്ലെയിൻ ദോശ വാങ്ങിച്ചതിന്റെ അത്ഭുതമായിരുന്നു വേറിട്ട് നിൽക്കുന്നത്. തമിഴ്നാടിനേയും കേരളത്തേയും തിരിക്കുന്ന സഹ്യപർവ്വത നിരകളുടെ മനോഹാരിത കണ്ടറിയാൻ ഉതകുന്നതായിരുന്നു ആ യാത്ര. തമിഴ്നാട്ടിലേക്കുള്ള കാറ്റിനേയും മഴയേയും തടഞ്ഞു നിർത്തി കേരളത്തെ ഹരിതാഭമാക്കിയ പ്രകൃതിയുടെ മനോഹാരിത കണ്ടുതന്നെ അറിയണം. വെറുതേ ഒരു യാത്ര മാത്രമായിരുന്നു ഇത്. പ്രകൃതി മനോഹാരിത കാണുക മാത്രമായിരുന്നു വരുമ്പോഴും പോവുമ്പോഴും മനസ്സിലുണ്ടായിരുന്ന ഏകലക്ഷ്യം. യാത്ര അമ്മയ്ക്കും ആത്മികയ്ക്കും വിരസമാവുമെന്നതിനാൽ തന്നെ അവരെ വീട്ടിൽ നിർത്തി. രണ്ടു ദിവസം നിറഞ്ഞാടിയ പനിയിൽ നിന്നും നല്ലൊരു വിശ്രമം ആത്മികയ്ക്ക് ആവശ്യമായിരുന്നു. ഇടതൂർന്ന്, ചെറുതും വലുതുമായ മലനിരകൾ മേഘശകലങ്ങളിൽ ലയിച്ചു ചേർന്നിരിക്കുന്ന സുന്ദരമായ ദൃശ്യവിസ്മയം കാണാൻ അരുകിലൂടെയുള്ളൊരു യാത്ര ധാരാളമാണ്.

യാത്രയിൽ പരിചയപ്പെട്ട ഒരു കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു കോശി സാർ. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെ വിവിധകാര്യങ്ങളെ പറ്റി പറഞ്ഞുതന്നു. 14 ആം തീയ്യതി രാവിലെ 6:50 -നു നാഗർകോവിൽ എക്സ്പ്രസിനു നാഗർ കോവിലേക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും കേറുകയായിരുന്നു. ഒരാൾക്ക് 20 രൂപ ട്രൈൻ ചാർജിലാണു യാത്രയും. നേമം, ബലരാമപുരം, നെയ്യാറ്റിൻകര, ധനുവച്ചപുരം, പാറശാല (കേരള ബോർഡർ), കുളിത്തുറൈ (പാലക്കാട് കൊടുത്തിട്ട് കേരളത്തിൽ നിന്നും തമിഴ് നാടു വാങ്ങിച്ചതാണത്രേ ഈ സ്ഥലം), എരണിയൽ കഴിഞ്ഞ് 8:48 നു നാഗർകോവിൽ എത്തി. കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം കാണാൻ പര്യാപ്തമാണീയാത്ര.

മധുരയിൽ തുടങ്ങി നാഗർകോവിൽ വരെ പരന്നു കിടക്കുന്ന സഹ്യപർവ്വതസാനുക്കൾ കണ്ടറിയാൻ ഏറെ പര്യാപ്തമാണ് സമീപത്തിലൂടെയുള്ള ബസ്സ് യാത്ര. ഈ സാനുക്കളുടെ ഗാംഭീര്യം തന്നെയാണ് കേരളത്തിനു മറ്റുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഒരു ഭിന്നത നൽകുന്നതിലും പ്രധാന പങ്കു വഹിച്ചിരിക്കുന്നത് എന്നു കരുതുന്നു. സഹ്യപർവ്വതനിരയ്ക്ക് ഒരുവശം കേരളം മുഴുവനും ഹരിതാഭമാണ്… മറുവശം വിജനമായ പ്രദേശങ്ങളിൽ ദൂരെദൂരെയായി അന്യം നിൽക്കുന്ന മൊട്ടക്കുന്നുകളും പൂവാർ തടാകക്കരയിൽ കുരിശുനാട്ടിയതു കണ്ടതുപോലെയുള്ള മലമുകളിലെ കോവിലുകളും മാത്രമാണുള്ളത്. കൈയ്യിൽ ഒരു ക്യാമറയൊക്കെ ഉണ്ടെങ്കിൽ തല്പരരായ അടുത്ത കൂട്ടുകാരുമായി ഒരു യാത്ര ഈ സാനുക്കളിലൂടെ നടത്തിയാൽ ഗംഭീരമായിരിക്കുമെന്ന് പലപ്പോഴും തോന്നിയിരുന്നു.

ആത്മികയുടെ ജന്മദിനം

aatmika rajesh, Aatmika
Aatmika

ആഗസ്റ്റ് 15 നു രാവിലെ ഞങ്ങൾ സെക്രട്ടറിയേറ്റിലേക്കു പുറപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം കാണാമെന്നു വിചാരിച്ചു പോയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറീയൊരു പ്രസംഗം, പിന്നെ വിവിധ സായുധസേനകളുടെ വ്യത്യസ്ഥമായ പരേഡുകൾ ഒക്കെ കണ്ടു. പരേഡ് ഗ്രൗണ്ടിൽ മാർച്ചിങിനായി എത്തിച്ചേർന്ന പല സ്കൂൾ കുട്ടികളും വെയിലേറ്റു വാടി വീഴുകയും, അവരെ കാത്തുനിന്ന പൊലീസുകാരും മറ്റും എടുത്തു കൊണ്ടുപോകുന്നതുമാണ് ഏറെ ശ്രദ്ധിക്കേണ്ടി വന്നത്. വെയിൽ കൊള്ളാതെ ഏസി റൂമിൽ പഠിച്ചു വളരുന്നൊരു തലമുറയ്ക്ക് അരമണിക്കൂർ പോലും വെയിലേറ്റു നിൽക്കാൻ പറ്റുന്നില്ല എന്നതൊരു സത്യമാണ്.

നേപ്പിയർ മ്യൂസിയം

ഞങ്ങളെ കാത്ത് സുഗീഷ് അവിടേക്ക് എത്തിയിരുന്നു. പിന്നീടുള്ള യാത്ര സുഗീഷിന്റെ കീഴിലായിരുന്നു. ആത്മികയുടെ ജന്മദിനത്തിനായി ചിൽഡ്രൻസ് പാർക്കിലേക്ക് പോകാമെന്നു കരുതിയിരുന്നു. മൃഗശാലയ്ക്കു സമീപമാണ് നേപ്പിയർ മ്യൂസിയവും ചിൽഡ്രൻസ് പാർക്കുമൊക്കെയുള്ളത്. 1855 ഇൽ സ്ഥാപിക്കപ്പെട്ട മ്യൂസിയമാണു നേപ്പിയർ മ്യൂസിയം. 1872 വരെ മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ മാറ്റപ്പെട്ട സ്ഥാപനമാണിത്. 1880 ഇൽ ആണിതിന്റെ പണി പൂർത്തീകരിച്ചത്. രാജാ രവിവർമ്മയുടെയും, നിക്കോളാസ് റോറിച്ചിന്റേയും മറ്റും ചിത്രശേഖരമുള്ളൊരു സ്ഥലമാണിത്. നേരെ മുമ്പിലാണ് ചിൽഡ്രൻസ് പാർക്ക്. ആമി അവിടെ നിന്നും കിട്ടിയൊരു ഫ്രണ്ടിനോടൊന്നിച്ച് കളിച്ചുല്ലസിച്ചു.

ത്രിഡി ദിനോസർ ഷോ

സമീപത്തുള്ള ത്രിഡി ദിനോസർ ഷോയിൽ നിന്നും ഞങ്ങളൊക്കെ ചേർന്ന് ചെറു സിനിമകൂടി കണ്ടു. ആമിയുടെ ത്രീഡി കാഴ്ചകൾ രണ്ടാമത്തേതാണെങ്കിലും അവൾ അറിഞ്ഞാസ്വദിച്ചതും ത്രീഡിലോകത്തിൽ ലയിച്ചു ചേർന്നതും ഈ ഷോയിൽ ആയിരുന്നു. കണ്ണിനുനേരെ ദിനോസർ പക്ഷികൾ പറന്നു വന്നപ്പോൾ പരിഭ്രമം പിടിച്ചവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു. സിനിമാകാഴ്ചകൾ പറ്റിച്ചതാണെന്നു മനസ്സിലായപ്പോൾ നിർത്താതെ അബദ്ധത്തെ ഓർത്തു ചിരിച്ചു.

കേക്ക് മുറിക്കൽ, മടക്കം

അജയന്റെ വിട്ടിലേക്കെത്തി ഒരു കേക്ക് മുറിച്ചു. കേക്കു മുറിക്കുക എന്നതായിരുന്നു ആത്മികയുടെ ജന്മദിനാഘോഷം; എന്നുമെന്നപോലെ തന്നെ ഇതും ലഘുവായി നടന്നു. അജയനും സുഗീഷും അഖിലും സംവിധായകനായ കെ. ആർ. മനോജും അമ്മയും മഞ്ജുവും ഞാനുമടങ്ങുന്ന ചെറു നിരയിൽ,അല്പമാത്രമെങ്കിലും ആത്മിക ആ കേക്കുമുറിക്കൽ ആസ്വദിച്ചിരിക്കണം. എങ്കിലും എനിക്കേറെ അത്ഭുതം തോന്നിയത് അവളുടെ പൂവാർ ബോട്ടുയാത്ര തന്നെയായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് മടങ്ങി. 16 ആം തീയ്യതി രാവിലെ 8 മണിയോടെ സിൽക്ക്‌ബോർഡിൽ ഇറങ്ങിയെങ്കിലും ആത്മികയെ സ്കൂളിലേക്ക് വിട്ടിരുന്നില്ല. ഞങ്ങൾ ഓഫീസിലേക്കും ആത്മിക മിന്നമ്മയുടെ അടുത്തേക്കും പോവുകയായിരുന്നു അന്ന്. തിരുവനന്തപുരം യാത്രാവിശേഷങ്ങൾ ഇങ്ങനെ ചുരുങ്ങുന്നു. യാത്രവിശേഷങ്ങളിൽ പറഞ്ഞ കാര്യങ്ങളൊക്കെയും മേലെ കാണുന്ന വീഡിയോയിൽ കാണാവുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *