February 14, 2005 - Rajesh Odayanchal

ഞാന്‍-ഒരു നാട്ടുമ്പുറത്തുകാരന്‍

rajesh odayanchalഞാന്‍, ഒരു നാട്ടുമ്പുറത്തുകാരന്‍. അതികഠിനങ്ങളായ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ ഒന്നും വെച്ചുപുലര്‍ത്താത്ത ഒരു സാധാരണ മനുഷ്യന്‍. ഓരോ സൂര്യോദയവും ഓരോ മഹാത്ഭുതങ്ങളാണെനിക്ക്. നല്ലതിനുവേണ്ടി ആശിക്കുന്നു. നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാവരിലും നന്മയുണ്ടെന്നു കരുതുന്നു; സ്നേഹമുണ്ടെന്നു കരുതുന്നു, വിശ്വസിക്കുന്നു.

അറിയാനുള്ള ആഗ്രഹം ജന്മസിദ്ധമാണെന്നു തോന്നുന്നു. നല്ലതായാലും ചീത്തയായാലും ഒരക്ഷരം പോലും കളയാതെ വായിക്കും. പണമേറെ ചെലവിട്ടതു പുസ്തകങ്ങള്‍‌ക്കാണ്, പിന്നെ കടം കൊടുക്കാനും. കൊടുത്തതു പുസ്തകമാണെങ്കിലും പണമാണെങ്കിലും തിരിച്ചു കിട്ടിയതു വിരളമാണ്. സൗഹൃദത്തെ അതിയായി മാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇഷ്ടാനിഷ്ടങ്ങളെ ആരിലും അടിച്ചേല്‍പ്പിക്കാറില്ല. നല്ല സുഹൃത്തിനു മുന്നില്‍ എന്നുമൊരു കളിപ്പാട്ടമാണു ഞാന്‍. അതിലുണ്ടാവുന്ന നഷ്ടങ്ങള്‍ പോലും ചെറുപുഞ്ചിരിയാല്‍ മറക്കാനിഷ്‍ടപ്പെടുന്നു.

നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തില്‍ പോകാറില്ല; പ്രാര്‍ത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്റെരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നില്‍നിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാല്‍ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെന്‍ഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല.

22 വയസ്സുവരെ മാര്‍ക്സിസ്‍റ്റുകാരനായിരുന്നു. ഇപ്പോഴും നല്ല കമ്യൂണിസ്‍റ്റായി തുടരുന്നു. പക്ഷേ പിണറായിയുടെ കമ്യൂണിസത്തില്‍ വിശ്വാസം പോരാ. പാര്‍ട്ടിവിട്ടതങ്ങനെയാണ്. ജാതിയിലും മതത്തിലും പടുത്തുയര്‍ത്തുന്ന ഏതൊരു പാര്‍ട്ടിയോടും യോജിപ്പില്ല. ന്യൂനപക്ഷന്യായം പറഞ്ഞു പിളര്‍ന്നുപിളര്‍ന്നു വലുതാവുന്ന ഈര്‍‌ക്കിലിപ്പാര്‍ട്ടികളോടുമില്ല മമത. കൈയിട്ടുവാരുന്ന, കട്ടുമുടിക്കുന്ന രാഷ്‍ട്രീയക്കാരെ പണ്ടേ വെറുത്തുപോയി. അതുകൊണ്ടുതന്നെ വോട്ടുചെയ്യാറില്ല. വോട്ടുനേടി ജയിച്ചവന്‍ നാടിനെ കട്ടുമുടിക്കുമ്പോള്‍ ഉത്തരം മുട്ടി വായടച്ചുപിടിക്കേണ്ടല്ലോ. കട്ടുതിന്നുന്ന രാഷ്ട്രീയക്കാരനെ, സിനിമകളില്‍ സുരേഷ്‍ഗോപി എടുത്തിട്ടു പെരുമാറുമ്പോള്‍ എണീറ്റു നിന്നു കൈയ്യടിക്കാറുണ്ട്‍.

തമാശകളെ ഇഷ്‍ടപ്പെടുന്നു. കവിതകള്‍ ഇഷ്‍ടപ്പെടുന്നു. യാത്ര ഇഷ്‍ടമാണ്, നറുനിലാവും പെരുമഴയും ഇഷ്‍ടമാണ്. തുളസിച്ചെടിയെ ഇഷ്ടമാണ്, തുമ്പപ്പൂവിനേയും കൊങ്ങിണിപ്പൂവിനേയും ഇഷ്ടമാണ്.വെറുതേ നടക്കാന്‍ ഇഷ്ടമാണ്. കൊച്ചുകുഞ്ഞിന്റെ കളിക്കൊഞ്ചലിഷ്‍ടമാണ്. പുലര്‍കാലരശ്‍മികളെ ഇഷ്‍ടമാണ്. തണലത്തിരികാനിഷ്‍ടമാണ്. താരാട്ടുപാട്ടുകളിഷ്ടമാണ്.

സദാ സന്തോഷപ്രദമാണു മനസ്സ്. അതുകൊണ്ടുതന്നെ അതിയായ സന്തോഷങ്ങള്‍ക്കു പ്രത്യേകസ്ഥാനം ലഭികാറില്ല. ദു:ഖങ്ങളും അല്പസമയത്തേക്കുമാത്രം. തെരുവില്‍ വിശന്നിരിക്കുന്ന മനുഷ്യനെ കണ്ടാല്‍ മനസ്സുലൊരു വിങ്ങലുണ്ട്‍. മൃഗങ്ങളെ കൊണ്ടു ജോലിചെയ്യിപ്പിക്കുമ്പോഴും വണ്ടികള്‍ വലിപ്പിക്കുമ്പോഴും മനസ്സിലൊരു തേങ്ങലുണരും.

തെരുവില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കു പണം കൊടുക്കാറില്ല. ലോട്ടറി ടിക്കറ്റു പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലേര്‍പ്പെടാറില്ല. സൈക്കിളോടിക്കാനറിയില്ല. വലിയില്ല, കുടിയില്ല. പ്രഷറില്ല, ഷുഗറില്ല. കൊളസ്‍ട്രോളില്ല.  അസൂയയില്ല, പരിഭവമില്ല, പരാതികളുമില്ല.

ഏതൊരു സാഹചര്യവുമായി എളുപ്പം പൊരുത്തപ്പെടും. ക്ഷമ കുറവാണെങ്കിലും ക്ഷമിക്കാനറിയാം, മലയാളമൊഴിച്ച് മറ്റൊരുഭാഷയും നന്നായറിയില്ല. ഓർമ്മശക്തികുറവാണ്. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും കാണാതെ പറയാനാവില്ല. എവിടേയും ഇടിച്ചുകേറാനറിയില്ല. തര്‍‌ക്കങ്ങളില്‍ സ്ഥിരപരാചിതന്‍. കാല്‍ക്കുലേറ്ററില്ലാതെ കണക്കുകൂട്ടാനറിയില്ല. തെറ്റാതെ ഗുണനപ്പട്ടിക ചൊല്ലാനറിയില്ല. വേദഗണിതത്തിലൊക്കെ താല്പര്യമുണ്ടുതാനും.

സമയത്തിന്റെ വില മനസ്സിലാക്കുന്നു, അവസരങ്ങളെ മുതലാക്കുന്നു, എങ്കില്‍‌കൂടി ചിലതു നഷ്‌ടമാവുന്നു. നഷ്‌ടമായതിനെ കുറിച്ചു വേവലാതിപ്പെടാറില്ല. എന്നാല്‍‌ നഷ്‌ടസ്വപ്‌നങ്ങളെ താലോലിക്കുന്നു. കവിത കേള്‍ക്കും, ചിത്രം വരയ്‍ക്കും, സിനിമ കാണും, നടക്കാനിറങ്ങും, തളര്‍ന്നുറങ്ങും.
………………. ………………. ………….
അല്പം കൂട്ടിച്ചേർക്കലുകൾ!!
ഇപ്പോൾ വിവാഹിതനാണ്; ഒരു മാലാഖക്കുഞ്ഞിന്റെ അച്ഛനുമാണ്.
വലിയും കുടിയുമൊന്നും ഇപ്പോഴും ഇല്ല; സൈക്കളോടിക്കാൻ ഇപ്പോഴുമറിയില്ല;
വായന കുറഞ്ഞു; ടൈംറ്റേബിൾ വെച്ച് വായിച്ചാൽ പോലും അതൊരു ചടങ്ങായി മൂന്നു ദിവസത്തിനകം മടക്കിവെയ്ക്കും.
മൊബൈൽ നമ്പർ ഒക്കെ ഇപ്പോൾ കാണാതെ പഠിച്ചിരിക്കുന്നു! യാത്രകൾ ഏറെ കൂടിയിരിക്കുന്നു.

About me / rajesh / Rajesh K personal / story /

Comments

Leave a Reply

Your email address will not be published. Required fields are marked *