January 7, 2013 - Rajesh Odayanchal

കുട്ടിയും തള്ളയും

കവിത കേൾക്കുക
0:00

മറ്റു കവിതകൾ കാണുക

ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.

രചന: കുമാരനാശാൻ
പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും
ഏപ്രിൽ 1931 – ഇൽ എഴുതിയത്
മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 – ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ. കുമാരനാശാന്റെ കൃതികൾ വിക്കി ഗ്രന്ഥശാലയിൽ വായിക്കുക

Kumaranashan / Kuttiyum Thallayum / poem / കവിത / കുട്ടിയും തള്ളയും / കുമാരനാശാന്‍ poem / കവിത / മലയാളകവിതകൾ /

Leave a Reply

Your email address will not be published. Required fields are marked *