വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷം

വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷം

പത്താം വാര്‍ഷികം/കണ്ണൂര്‍/പത്രക്കുറിപ്പ്വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ കണ്ണൂരില്‍
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം നിര്‍മ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. ലോകത്താകമാനമുള്ള എല്ലാ വിജ്ഞാനവും ഏതൊരു മനുഷ്യനും സ്വതന്ത്രമായി അനുഭവിക്കാന്‍ സാധിക്കുന്ന ഒരു ലോകം സ്വപ്നം കാണുകയും അതു വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കീഴിലാണ് വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്. 2001 ജനുവരി 15-നു് ജിമ്മി വെയില്‍സും, ലാറി സാങ്ങറും ചേര്‍ന്നാണ് വിക്കിപീഡിയ സ്ഥാപിച്ചത്. അന്ന് ഇംഗ്ലീഷ് ഭാഷയിലായിരുന്നു വിക്കിപീഡിയ സ്ഥാപിച്ചത്. തുടര്‍ന്ന് 2002 ഡിസംബര്‍ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി വിനോദ് മേനോന്‍ എം.പി യാണ് മലയാളം വിക്കിപീഡിയ ആരംഭിച്ചത്.
Wikipedia 10th anniversaryസ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ അതിന്റെ വിജയകരമായ പത്തു വര്‍ഷങ്ങള്‍ 2011 ജനുവരി 15-നു് പൂര്‍ത്തിയാക്കുകയാണ്. ലോകമെമ്പാടും അതിന്റെ ഭാഗമായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 2011 ജനുവരി 15-നു് കണ്ണൂരിലും വിക്കിപീഡിയയുടെ പത്താം വാര്‍ഷികവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാര്‍ഷികാഘോഷവും സംഘടിപ്പിക്കുന്നു. കണ്ണൂര്‍ കാല്‍ടെക്സിലുള്ള ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിപാടികള്‍.

ചടങ്ങ് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും, സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ: ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവണ്‍‌മെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ: മഹേഷ് മംഗലാട്ട് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ വിക്കിപീഡിയയുടെ വാര്‍ഷികാഘോഷ പരിപാടികള്‍, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ എന്നിവയെ പരിചയപ്പെടുത്തല്‍, മലയാളം വിക്കിയില്‍ എങ്ങനെ ലേഖനങ്ങള്‍ എഴുതാം എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസെടുക്കും.

മലയാളം വിക്കി സമൂഹം, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, പഠന കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മറ്റി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടിയില്‍ മലയാളം വിക്കി സംരഭങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. ആഘോഷപരിപാടികളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു് 9747555818,9446296081 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ help@mlwiki.in എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കുകയോ ചെയ്യുക. വിക്കിയില്‍ പരിചയമുള്‍ലവര്‍ക്കു രജിസ്‌ട്രേഷനു വേണ്ടി ഈ പേജും ഉപയോഗിക്കാവുന്നതാണ്.

വിശദാംശങ്ങള്‍

 • പരിപാടി: വിക്കിപീഡിയയുടെ പത്താം വാര്‍ഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം വാര്‍ഷികാഘോഷവും
 • തീയ്യതി: 2011 ജനുവരി 15
 • സമയം: രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ
 • ആര്‍ക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.

കാര്യപരിപാടികള്‍

ഉദ്ഘാടനം
ഡോ. ബി. ഇക്ബാല്‍ – കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും, സാമൂഹ്യപ്രവര്‍ത്തകനും
മുഖ്യപ്രഭാഷണം
ഡോ. മഹേഷ് മംഗലാട്ട് : ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവണ്‍‌മെന്റ് കോളേജ് അദ്ധ്യാപകനും.

 • വിക്കിപീഡിയയുടെ പത്താം വാര്‍ഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം വാര്‍ഷികാഘോഷവും
 • വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചു വിഷയത്തില്‍ അവഗാഹമുള്ളവരും, വിക്കിപീഡിയരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ചര്‍ച്ചയും ക്ലാസും
 • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുല്‍,
 • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കെടുക്കാം?
 • മലയാളം വിക്കികളില്‍ എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?
 • സദസ്സിന്റെ സംശയങ്ങള്‍ക്കുള്ള മറുപടി
 • വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍

ഈ പരിപാടിയിലേക്ക് എല്ലാ ഭാഷാ സ്നേഹികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *