ബഹുമാനപ്പെട്ട കോടതി അറിയാന്‍

ബഹുമാനപ്പെട്ട കോടതി അറിയാന്‍

ബഹുമാനപ്പെട്ട കോടതി അറിയാന്‍
ഡോ. ടി എം തോമസ് ഐസക് in Facebook : Link
Posted on: 10-Nov-2011 11:49 PM

കേരള ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്ന് എം വി ജയരാജന്‍ അര്‍ഥമാക്കിയെന്ന് എനിക്കു തോന്നുന്നില്ല. ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ തങ്ങള്‍ ശുംഭന്മാരായിപ്പോകുമെന്ന ഭീതി എല്ലാ ജഡ്ജിമാര്‍ക്കുമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. പാതയോരയോഗ നിരോധനത്തിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനിടെ ആനുഷംഗികമായി ശുംഭന്‍ എന്നു വിളിച്ചതിന് പരമാവധി ശിക്ഷയും ജാമ്യനിഷേധവും നല്‍കിയ വിധി കോടതിയുടെ അന്തസ്സുയര്‍ത്താന്‍ ഉപകരിച്ചുവോ എന്ന് ബഹുമാന്യരായ ജഡ്ജിമാര്‍തന്നെ ആലോചിക്കുക. ഇത്തരം വിധിപ്രതികരണങ്ങള്‍ കോടതിയുടെ അന്തസ്സ് ഉയര്‍ത്തില്ലെന്നു കരുതുന്ന ന്യായാധിപന്മാരേറെയുണ്ട്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ “കോടതിയലക്ഷ്യ നിയമം – ഒരു നവവീക്ഷണത്തിന്റെ ആവശ്യകത എന്ന ലേഖനം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതില്‍ അദ്ദേഹം ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ റൈറ്റ്, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ “സ്പൈക്യാച്ചര്‍ എന്ന ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തിന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തി. വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്ലി മിറര്‍ പത്രം സര്‍വരെയും ഞെട്ടിച്ചു.

പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, “യൂ ഫൂള്‍സ്” എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന്‍ എന്ന വാക്കിന്റെ ആംഗലേയ രൂപം. പക്ഷേ, ഒരു കോടതിയലക്ഷ്യക്കേസുമുണ്ടായില്ല. മൂന്നംഗ “ഫൂള്‍സ”ില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍മാന്‍ . സംഭവം നടക്കുന്ന കാലത്ത് ഇന്ത്യയിലെ പ്രഗത്ഭ അഭിഭാഷകനായ നരിമാന്‍ ലണ്ടനിലുണ്ടായിരുന്നു. കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തതിന്റെ കാരണം ലോര്‍ഡ് ടെമ്പിള്‍മാനോട് അദ്ദേഹം ആരാഞ്ഞു. താന്‍ വിഡ്ഢിയല്ലെന്ന് തനിക്കറിയാമെങ്കിലും മറ്റുള്ളവര്‍ക്ക് സ്വന്തം അഭിപ്രായത്തിലെത്തിച്ചേരാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇംഗ്ലണ്ടിലെ ന്യായാധിപന്മാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളെ ഗൗനിക്കാറില്ലെന്നും ഒരു പുഞ്ചിരിയോടെ ടെമ്പിള്‍മാന്‍ മറുപടി പറഞ്ഞെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സാക്ഷ്യപ്പെടുത്തുന്നു. അപകീര്‍ത്തിയുടെ അര്‍ഥത്തിന് കാലം വരുത്തുന്ന പരിണാമങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റിസ് കട്ജു പലതും ഉദാഹരിക്കുന്നുണ്ട്. മുമ്പ് ഇ എം എസ് നടത്തിയതിനേക്കാള്‍ നിശിതമായി അതേകാര്യം പറഞ്ഞ് കോടതിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി പി ശിവശങ്കറിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സംഭവം അവയിലൊന്നാണ്. വിസ്തരഭഭയത്താല്‍ ഇത്തരം ഉദാഹരണങ്ങളിലേക്കൊന്നും കടക്കുന്നില്ല. പണ്ട് ജഡ്ജിയെ വിഡ്ഢി (ഫൂള്‍ അഥവാ ശുംഭന്‍) എന്നു വിളിച്ചാല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യം ഉറപ്പായിരുന്നു. കാലം മാറി. ഇന്ന് ജഡ്ജിയുടെ അധികാരം സ്ഥാപിക്കാനല്ല, മറിച്ച് കോടതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് തടയാനാണ് കോടതിയലക്ഷ്യം എന്ന സങ്കല്‍പ്പം ഉപയോഗിക്കുന്നത്. ജസ്റ്റിസ് കട്ജു ഇങ്ങനെ പറയുന്നു: “ഉദാഹരണത്തിന് ഒരാള്‍ കോടതിയില്‍ ഉറക്കെ അലറുകയോ ചൂളമടിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ. എന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന മാനിക്കാതെ അയാളതു തുടര്‍ന്നാല്‍ എന്റെ ജോലി ചെയ്യാന്‍വേണ്ടി എനിക്കു നടപടിയെടുക്കേണ്ടി വരും… അതുപോലെ ഒരാള്‍ കക്ഷിയെയോ സാക്ഷിയെയോ ഭീഷണിപ്പെടുത്തിയാലും എനിക്ക് നടപടിയെടുക്കേണ്ടി വരും. പക്ഷേ, ഒരാളെന്നെ കോടതിക്കുള്ളിലോ പുറത്തോവച്ച് വിഡ്ഢീ എന്നു വിളിച്ചാല്‍ ആ കമന്റ് ഞാന്‍ അവഗണിക്കും. കാരണം, അതെന്റെ ജോലിയെ ഒരുവിധത്തിലും തടസ്സപ്പെടുത്തുന്നതല്ല. ഏറിയാല്‍ ലോര്‍ഡ് ടെമ്പിള്‍മാനെപ്പോലെ ഏതൊരാള്‍ക്കും അയാളുടെ അഭിപ്രായത്തിലെത്താന്‍ അര്‍ഹതയുണ്ടെന്നു പറയും.

എന്തായാലും വാക്കുകള്‍ക്ക് എല്ലുകളെ നുറുക്കാനാകില്ലല്ലോ.” കോടതിയലക്ഷ്യം സംബന്ധിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ആശയങ്ങളുടെ പശ്ചാത്തലത്തില്‍ ജയരാജനെതിരായ വിധിയില്‍ ജഡ്ജിമാരുടെ പ്രതികാരബുദ്ധി പ്രതിഫലിക്കുന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാകില്ല. തന്റെ വാദങ്ങളെ സാധൂകരിക്കാന്‍ ജയരാജന്‍ ഹാജരാക്കിയ സാക്ഷിയോട് കോടതിതന്നെ താങ്കള്‍ക്ക് സിപിഐ എമ്മിനെ ഭയമുണ്ടോ&ൃെൂൗീ;എന്ന അസ്വാഭാവികമായ ചോദ്യം ഉയര്‍ത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തികച്ചും നിയമബാഹ്യമായ ഇത്തരം കമന്റടികളും നിരീക്ഷണങ്ങളും വര്‍ധിച്ചുവരുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കില്ലേ എന്ന് കോടതിതന്നെ പരിശോധിക്കേണ്ടതാണ്. ഫസല്‍ വധക്കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ കണ്ണൂര്‍ ജില്ലയിലെ നിരപരാധികളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കേന്ദ്രപൊലീസിനെ വിന്യസിപ്പിക്കണമെന്നുമുള്ള പരാമര്‍ശങ്ങള്‍ മറ്റൊരുദാഹരണമാണ്. കേസിനാസ്പദമായ വിഷയത്തിനു പുറത്തുള്ള പ്രശ്നങ്ങളില്‍ നിലവിട്ട് അഭിപ്രായം പറയുന്ന ജഡ്ജിമാര്‍ക്കെതിരെ പല സന്ദര്‍ഭങ്ങളിലും സുപ്രീംകോടതിയടക്കം ചൂണ്ടിക്കാട്ടിയ മുന്നറിയിപ്പുകള്‍ അക്കമിട്ടുനിരത്തിയായിരുന്നു ഈ പരാമര്‍ശങ്ങള്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കം ചെയ്തത്. ഇതിനുശേഷവും മറ്റൊരു കേസില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയോജകമണ്ഡലം കൊടുംക്രിമിനലുകളെ സംഭാവനചെയ്യുന്നു എന്ന കണ്ടെത്തല്‍ അതേ ജഡ്ജി നടത്തി. 2009 ഏപ്രില്‍ 16ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടക്കാനിരിക്കെ, ആഭ്യന്തരമന്ത്രിക്കെതിരെ ഇത്തരമൊരു പരാമര്‍ശം വന്നത് യുഡിഎഫും അനുകൂല മാധ്യമങ്ങളും ആഘോഷപൂര്‍വം കൊണ്ടാടി. പൊതുനിരത്തുകളില്‍ സ്ത്രീകള്‍ക്ക് വഴിനടക്കാനാകുന്നില്ലെന്നും പൈശാചികമായ സേനയായി പൊലീസ് മാറിയെന്നുമൊക്കെ നിലവിട്ട പരാമര്‍ശങ്ങള്‍ വിധിന്യായത്തില്‍ കടന്നുകൂടി. അനുചിതമായ ഈ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിക്ക് നീക്കംചെയ്യേണ്ടിവന്നു. കോടതിയെക്കുറിച്ചുള്ള വിമര്‍ശം ജയരാജന്‍ ആവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തെ ശിക്ഷിക്കാന്‍ കാരണമായി പറയുന്നത്. ഒരേ തെറ്റ് ജഡ്ജിമാര്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാലോ? കോടതിയും ഇക്കാര്യങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇത്തരം അനുചിതമായ നടപടികള്‍ക്ക് മുന്‍ചൊന്ന കേസുകളിലെന്നപോലെ സുപ്രീംകോടതിയില്‍ നിയമപരിഹാരമുണ്ടാക്കാന്‍ കഴിയും എന്നാണ് സിപിഐ എം കരുതുന്നത്. ഏതായാലും ഈ വിധി ഒരു സദ്ഫലമുണ്ടാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ.

പാതയോരയോഗ നിരോധനത്തിനെതിരായ പ്രചാരണവും പ്രക്ഷോഭവും കൂടുതല്‍ ശക്തമാകും. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയില്‍ വഴിയോരത്ത് യോഗങ്ങള്‍ പാടില്ലെന്ന വാദം ന്യായമാണ്. അത്തരം ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പാതയോരത്തെ ചെറുമൈതാനങ്ങളില്‍ യോഗങ്ങളും പ്രകടനങ്ങളും നടക്കുന്നതില്‍ എന്താണ് തെറ്റ്? ഇക്കാര്യം തീരുമാനിച്ച് നടപടിയെടുക്കാനുള്ള അവകാശം പൊലീസിനു കൊടുത്തുകൊണ്ടുള്ള നിയമവും സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണ്. എല്ലാ പാതയോരയോഗങ്ങളും നിരോധിക്കുന്നത് ജനാധിപത്യാവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റമാണ്. സിംഗപ്പുര്‍പോലുള്ള ചില രാജ്യങ്ങളിലെന്നപോലെ പ്രകടനം നടത്താനും പ്രതിഷേധിക്കാനും ചില ഇടങ്ങള്‍ നിര്‍ണയിച്ചുകൊണ്ടുള്ള പാരമ്പര്യം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. നിയമലംഘനത്തിന് ഇനിയും ഒട്ടേറെ കേസുകളെടുക്കേണ്ടി വരും. ജനാധിപത്യസംരക്ഷണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും സിപിഐ എം ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

4 thoughts on “ബഹുമാനപ്പെട്ട കോടതി അറിയാന്‍

 1. ജഡ്ജിമാർക്ക് സങ്കുചിത മനസ്സ് തന്നെ, സംശയമില്ല. നാലാൾ കൂടുന്നിടത്ത് ത്രീ പീസ് സ്യൂട്ടിട്ട് വരുന്നത് ഞങ്ങൾ നിങ്ങളിരൊളാളല്ല എന്ന് അറിയിക്കുവാൻ തന്നെയണ്!
  നമ്മക്ക് മറ്റൊരു സെനാറിയോ നോക്കാം. ഈ ജയരാജനേയോ പിണറായിയേയോ ആരെങ്കിലും ശുംഭൻ എന്ന് വിളിച്ചാൽ, അതും അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് വിശാലമനസ്സോടെ സ്വീകരിക്കുമോ?

  രാഷ്ട്രീയക്കാർക്ക് പൊതുവേ സംസ്കാരമില്ല എന്നും, ജഡ്ജിമാർക്ക് “ഞങ്ങൾ അന്യഗ്രഹ ജീവികളാണ്” എന്നുമുള്ള എന്റെ കാഴ്ചപ്പാട് ഒന്നൂടെ ബലപ്പെട്ടു!

 2. പുഴുക്കളും, വിഷം തുപ്പുന്ന ഇഴജീവികളുമൊക്കെ നമ്മുടെ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലിരുന്ന് ജനങ്ങള്‍ക്കെതിരെ മസിലുരുട്ടിയും, ദംഷ്ട്ര കാണിച്ചും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന സത്യം ജനാധിപത്യ സമൂഹം അറിയുകയും ചര്‍ച്ചചെയ്യുകയും വേണ്ടതുതന്നെ.

  ജനാധിപത്യത്തിന്റെ മച്ചും, മോന്തായവും താങ്ങി നിര്‍ത്തുന്നവരെന്ന് വിശ്വസിക്കുന്ന പല്ലി, പഴുതാര, ചിലന്തി, പെരുച്ചാഴി, നരിച്ഛീര്‍ തുടങ്ങിയ ക്ഷുദ്ര പ്രാണികളുടെ ശല്യം ഒഴിവാക്കാന്‍ ജനാധിപത്യത്തെ ചൈതന്യവത്തായി സൂക്ഷിക്കാന്‍ ജനം ഉടമബോധത്തോടെ (ആത്മാഭിമാനത്തോടെ) ഉണര്‍ന്നിരിക്കേണ്ടതുണ്ട്.

  സ്വാതന്ത്ര്യത്തിന്റെ പ്രഭാതം ജനങ്ങളുടെ പ്രബുദ്ധതയുടെ ചക്രവാളത്തിലാണ് ഉദയം കൊള്ളുന്നത്.
  http://commentjar.blogspot.com/2011/11/mvjayarajan.html

Leave a Reply

Your email address will not be published. Required fields are marked *