പറയാൻ മറന്നത്

പറയാൻ മറന്നത്

പറയുവാനാകാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍

ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരീ
ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടി വിരിയുമോ പാട്ടുകാരീ
ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു
പട്ടു നെയ്യുന്നു നീ പാട്ടുകാരീ
നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ

നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി
ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ
സുഭഗം ക്ഷണികം ഇതു ജീവിതം

വീണ്ടുമൊരു സന്ധ്യ മായുന്നു
വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു
ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍
ദുഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
മൌനരാഗം തരൂ കൂട്ടുകാരീ

വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍
ഒരു തുണ്ട് വെട്ടം കടന്നു വന്നു
ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങി നിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും
തെറ്റുന്നു ജീവിത പുസ്തകതാള്‍
കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണു

ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ
പ്രിയമുള്ള രാക്കിളീ
പ്രിയമുള്ള രാക്കിളീ
നീ നിന്റെ പാട്ടിലെ ചോദ്യം
വിഷാദം പൊതിഞ്ഞു തന്നു
ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ
പാഥേയം ഉണ്ണുന്നു ഞാന്‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍
കണ്ണീരു കൂട്ടിനില്ല.

Leave a Reply

Your email address will not be published. Required fields are marked *