നവംബറിന്റെ നഷ്ടം!!

നവംബറിന്റെ നഷ്ടം!!

യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം… ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്‌.  ഈ മാസത്തിൽ എനിക്കു സംഭവിച്ച നഷ്ടങ്ങളുടെ കഥയാണിത്. മോഷണവും, അശ്രദ്ധയും, അലസതയും ഒക്കെ കടന്നാക്രമിച്ച മാസം. അതിലേറെ എന്റെ എല്ലാമെല്ലാമായ കാമുകി എന്നെ വിട്ടു പോയ മാസം. മാസം പകുതി ആയിട്ടില്ല; ഇന്നു പതിമൂന്നാം തീയതി.. ഇന്നു രാവിലെ ഉണർന്നപ്പോൾ അറിഞ്ഞ മറ്റൊരു നഷ്ടത്തിൽ മനം നൊന്ത് ചിരിച്ചുപോയ നിമിഷങ്ങൾ ഇതാ, ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ… ഓരോന്നായി പറയാം.

ക്യാമറയുടെ ബാറ്ററി:
ആദ്യം മുതൽ തുടങ്ങാം… നവംബര്‍ ഒന്ന്, ഇവിടെ കര്‍ണാടകയില്‍ അവധിദിവസമായതിനാല്‍ ഒക്‌ടോബര്‍ 31 -നും ലീവെടുത്ത് വീട്ടിൽ പോയിരുന്നു. വീട്ടിൽ കുട്ടികൾ ആരാധ്യയും അദ്വൈതയും നമുക്കു കടലുകാണാൻ പോവാം മാമാ എന്നു പറഞ്ഞപ്പോൾ അവരെ ഒന്നു ബേക്കൽ ഫോർട്ട് കാണിച്ചേക്കാം എന്നു കരുതി പോയിരുന്നു. അവിടെ പോയി വന്ന്, ക്യാമറയിൽ ഉള്ള ഫോട്ടോസ് കമ്പ്യൂട്ടറിലേക്ക് മാറ്റാൻ നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ക്യാമറ ഓണാവുന്നില്ല. ഞാൻ കരുതി ബാറ്ററി പോയതാവും എന്ന്. ബാറ്ററി ഊരി മാറ്റി, പിന്നെ അതെടുത്തു പാഴ്‌വസ്തുക്കൾ ഇടുന്ന ഒരു പൊട്ടകിണറ്റിൽ കൊണ്ടിട്ടു. നാലുവർഷം പഴക്കമുള്ള ബാറ്ററിയായിരുന്നു, ചാർജ് ചെയ്തിട്ട് കയറുന്നുണ്ടായിരുന്നില്ല.

250 രൂപ കൊടുത്ത് ഒന്നാംതീയതി തന്നെ പുതിയ ബാറ്ററി വാങ്ങിച്ചു. 8 മണിക്കൂർ ചാർജ് ചെയ്തു. ഒന്നു ടെസ്റ്റ് ചെയ്തേക്കാം എന്നു കരുതി ക്യാമറയിൽ ഇട്ടപ്പോൾ ക്യാമറ പഴയ പടി തന്നെ… ബറ്ററി ചാർജറിനാണോ കുഴപ്പം? സുഹൃത്തിന്റെ ബാറ്ററിചാർജർ ഉപയോഗിച്ച് ചാർജ് ചെയ്തപ്പോൾ സംഗതി ഓക്കെ… പൊട്ടകിണറ്റിലെറിഞ്ഞ ആ രണ്ട് ബാറ്ററിയെ കുറിച്ചോർത്തിട്ടിനി ഫലമില്ലല്ലോ.. സാരമില്ല 250 രൂപയല്ലേ, എന്തായാലും 2 പുതിയ ബാറ്ററി കിട്ടിയല്ലോ!! ഇനി ഒരു ചാർജർ കൂടി വാങ്ങിയേക്കാം.

ക്യാമറ:
വീണ്ടും കാഞ്ഞങ്ങാട്… ചാർജർ വാങ്ങിച്ചു, 450 രൂപയുടേതുണ്ട്, 600 രൂപയുടേതും ഉണ്ട്… കമ്പനി സാധനം എന്നു പറഞ്ഞ 600 രൂപയുടേതുതന്നെ വാങ്ങിച്ചു. 2 ബാറ്ററി ഫ്രീയായും കിട്ടി. ഫ്രീയായി കിട്ടിയ ബാറ്ററിക്ക് അല്പം നീളം കൂടുതലുണ്ടായെന്നു തോന്നുന്നു. അതു ക്യാമറയിൽ തിരുകിക്കേറ്റിയപ്പോൾ അതിന്റെ അടപ്പ് ഊരി കയ്യിൽ വന്നു. ഇപ്പോൾ ബാറ്ററി ഇട്ടിട്ട് അട്അയ്ക്കാനാവുന്നില്ല. ക്യാമറയുടെ പണി തീർന്നു!!!

നോക്കിയ സി 7 മൊബൈൽ:
നവംബർ 5. കോൺഫിഡന്റ് അമൂണിലേക്ക് കമ്പനി വക ഒരു ട്രിപ്പ്. പലപ്പോഴും വൺഡേ ട്രിപ്പുകൾ ഞാൻ ഒഴിവാക്കാറാണു പതിവ്. എങ്കിലും അവരുടെ സൈറ്റ് കണ്ടപ്പോൾ പോയേക്കാം എന്നു തോന്നി. 10 മണിയോടെ ഞങ്ങൾ അവിടെ എത്തി. ക്യാമറ അടിച്ചു പോയതിനാൽ നോക്കിയ സി 7 മൊബൈലിൽ ആയിരുന്നു ഫോട്ടോ എടുപ്പ്. ഒത്തിരി ഫോട്ടോസ് എടുത്തു… അങ്ങനെ റിസോർട്ട് മുഴുവൻ ഒരു വട്ടം കറങ്ങി പതിനൊന്നരയോടെ ഒരിടത്ത് വന്ന് തളർന്നിരിക്കുമ്പോൾ ഒരു കൂട്ടുകാരൻ ചിത്രങ്ങൾ കാണാൻ മൊബൈൽ ചോദിച്ചു… അവൻ അതു കണ്ട ശേഷം മറ്റൊരാൾക്ക് കാണാനായി മൊബൈൽ ഇട്ടുകൊടുക്കുകയുണ്ടായി. അല്പം കനം കൂടിയതും, കയ്യിൽ നിന്നും പെട്ടന്നു തെന്നിപ്പോകുന്നതുമായ ആ മൊബൈൽ താഴെ വീണു ചിന്നിച്ചിതറി. ടച്ച് സ്ക്രീൻ പാടേ നശിച്ചു. അഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരമായതിനാൽ നോക്കിയയുടെ സർവീസ് സെന്റർ അടച്ചിരുന്നു. (ഇതിനെ പറ്റി വിശദമായി വീണിതല്ലോ കിടക്കുന്ന ധരണിയിൽ എന്ന പോസ്റ്റിൽ ഉണ്ട് )

നവംബർ 7. തിങ്കളാഴ്ച സർവീസ് സെന്ററിൽ എത്തി ഫോൺ കൊടുത്തു. പുതിയ ടച്ച് പാനലിന്റെ വില 4200 രൂപ!! ഒരു കുഞ്ഞുമൊബൈലിന്റെ വില!! എന്നു വെച്ച് 17000 കൊടുത്തു വാങ്ങിച്ച സി 7 ഒഴിവാക്കാൻ പറ്റുമോ!! എന്റെ ധർമ്മസങ്കടം കണ്ട് അവിടെ ഇരുന്ന പെണ്ണ് ചിരിക്കുന്നുണ്ടായിരുന്നു. (ഒമ്പതുമണിക്കവിടെ എത്തിയ ഞാൻ അന്നുച്ചകഴിഞ്ഞ് 2 മണിവരെ ഒരു ATM കൗണ്ടർ തപ്പി നടന്ന കഥ വേറെ ഉണ്ട് 🙁 അസഹനീയമായിരുന്നു!!) അവസാനം പൈസ കൊടുത്തപ്പോൾ അവർ പുതിയ സ്ക്രീൻ ഒരു അഞ്ചുമിനിറ്റിനുള്ളിൽ ഇട്ടുതന്നു. ഞാനതും കൊണ്ട് മാർത്തഹള്ളി എത്തി, ഫോൺ എങ്ങനെ ഉണ്ട് എന്ന് ഇടയ്ക്കിടെ 4,5 പ്രാവശ്യം എടുത്തുനോക്കി. അപ്പോഴാണറിയുന്നത്, ഇട്ടിരിക്കുന്ന പാനലിന്റെ കളർ നല്ല കറുപ്പാണ്, ഫോണിന്റെ ബാക്കിഭാഗം ഒരു ചോക്കലേറ്റ് കളറും!!

4200 രൂപകൊടിത്തിട്ട് ഈ തെണ്ടിക്കൾ ഇതാണോ ചെയ്തത്, തിരിച്ചു പോയി അവരോട് ചോദിച്ചു, അവർ പറഞ്ഞ് ആ കളർ സ്റ്റോക്കില്ല സാർ എന്ന്. ഞാൻ പറഞ്ഞു സ്റ്റോക്ക് ൈല്ലെങ്കിൽ പറയരുതോ!! എനിക്കിതു വേണ്ട എന്ന്. രണ്ട് ദിവസം കഴിഞ്ഞു വരും, അപ്പോൾ തന്നാൽ മതിയോ എന്നു ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു. ഫോൺ അവിടെ ഏൽപ്പിച്ചു തിരിച്ചു വന്നു.

ഇനി ഒരു ചെറിയ ഫോൺ വാങ്ങണം. 1000 രൂപയ്ക്ക് കിട്ടുന്നതു മതി. സംഗീതയിൽ കയറി. ഫോൺ നോക്കി നടന്നപ്പോൾ സാംസങിന്റെ ഗാലക്സി പോപ്പിൽ കണ്ണുടക്കി. 8200 രൂപ!! വേണോ!! ങാ വാങ്ങിച്ചേക്കാം. അനിയത്തിക്കോ അമ്മയ്ക്കോ കെട്ടാൻ പോകുന്ന പെണ്ണിണോ മറ്റോ സമ്മാനമായി നൽകാം. എന്നൊക്കെ വിചാരിച്ച് ക്രഡിറ്റ് കാർഡെടുത്തു നീട്ടി. ഫോൺ എനിക്കിഷ്ടപ്പെട്ടു. തൽക്കാലം ആരും അറിയേണ്ടതില്ല. എന്നിട്ട് വളരെ രഹസ്യമായി മറ്റൊരു പോസ്റ്റും ഇട്ടു. അതിവിടെ വായിക്കാം. ആപ്ലിക്കേഷൻസ് ഡൗൺലോഡ് ചെയ്തു നിറച്ചു…

1TB ഹാർഡ് ഡിസ്ക്:
നവംബർ 9: രാവിലെ ഓഫീസിൽ പോകുമ്പോൾ 1TB യുടെ ഹാർഡ് ഡിസ്ക്കും എടുത്തിരുന്നു. പഴയ ടിവി സീരിയൽ രാമായണം മുഴുവൻ അവിടെ ഡൗൺലോഡ് ചെയ്തു വെച്ചിരുന്നു. 12 GB ഉള്ളതിനാൽ പെൻഡ്രൈവിൽ പിടിക്കുന്നില്ല. കമ്പ്യൂട്ടറിൽ ഹാർഡ് ഡിസ്ക് കണക്റ്റ് ചെയ്തപ്പോൾ സംഗതി എന്തായാലും ഡിറ്റക്റ്റ് ചെയ്യുന്നില്ല. മറ്റു സിസ്റ്റത്തിൽ കുത്തി നോക്കി നടക്കുന്നില്ല. അതും അടിച്ചു പോയിരിക്കുന്നു എന്നു വേദനയോടെ മനസ്സിലാക്കി.

എന്റെ ഹാർഡ് ഡിസ്ക്കിനു റൂമിൽ ഒരു വേശ്യയുടെ റോളാണ്. എല്ലാവരും ഉപയോഗിക്കും. പലപ്പോഴും ആവരുടെ  അലമാരയിലോ കട്ടിലിനടിയിലോ, ബെഡിലോ ഒക്കെയാവും ഞാൻ തപ്പുമ്പോൾ ഹാർഡ് ഡിസ്കുണ്ടാവുക. എങ്ങനെയോ താഴെ വീണിരിക്കണം. അല്ലാതെ ഇത്ര പ്രായം കുറഞ്ഞ ഹാർഡ് ഡിസ്ക് പോവില്ല. എന്തായാലും വാരണ്ടി ഉണ്ട്. അന്നു വൈകുന്നേരം മൊബൈൽ വാങ്ങിച്ചേക്കാം എന്നു കരുതി നോക്കിയ സർവീസ് സെന്ററിൽ പോയെങ്കിലും കിട്ടിയില്ല. ശനിയാഴ്ച വാ എന്നും പിന്നീട് അതു തിരുത്തി 14 ആം തീയതി തിങ്കളാഴ്ച വാ എന്നുമായി അയാൾ. തികട്ടി വന്ന ദേഷ്യം ഒക്കെ അപ്പാടെ പുറത്ത് ചീറ്റിച്ച് ആ പെണ്ണിനേയും, അവിടുത്തെ മാനേജറേയും തെറി പറഞ്ഞ് ഞാനിറങ്ങി നടന്നു – സാംസങ് ഗ്യാലക്സി പോപ് ഉണ്ടല്ലോ!!

സാംസങ് ഗ്യാലക്സി പോപ്:
നവംബർ 12. ശനിയാഴ്‌ച. ഹാർഡ് ഡിസ്ക് നന്നാക്കണം. ഒത്തിരി ഡാറ്റ അതിലുണ്ട്. വർഷങ്ങളായി ഞാൻ ചെയ്തു വന്ന വർക്ക് എല്ലാം മറ്റു ഹാർഡ് ഡിസ്കുകളിൽ നിന്നും തുടച്ചുവാരി അതിലിട്ടിരുന്നു. ചെറുപ്പം മുതലുള്ള എന്റേയും മറ്റുള്ളവരുടേയും മറ്റും ഫോട്ടോസ്, ഇഷ്ടപ്പെട്ട പാട്ടുകൾ, സിനിമകൾ… എന്നു വേണ്ട സകലതും… ഹാർഡ് ഡിസ്ക് ഉടനേ നന്നാക്കണം. സർവീസ് സെന്റർ അറിയാം. രാവിലെ തന്നെവിടെ എത്തി. അപ്പോഴാണറിയുന്നത് അവർ നണ്ണിങ്‌ഹാം റോഡിൽ നിന്നും മാറിയെന്ന്, പുതിയ അഡ്രസ് അവിടെ ഒട്ടിച്ച് വെച്ചിട്ടും ഉണ്ടായിരുന്നു. അതിന്റെ ഒരു ഫോട്ടോ എടുത്തു, എഴുതിയെടുക്കാൻ പേന കയ്യിൽ ഉണ്ടായില്ല. പിന്നെ ലൊക്കേഷൻ അത്യാവശ്യം പരിചിതമാണ് – കെ.ആർ. മാർക്കറ്റിൽ തന്നെ.

ഇന്ത്യൻ എക്‌പ്രസ് ജങ്ഷനിൽ നിന്നും മാർക്കറ്റിലേക്ക് ബസ് കയറി, നല്ല തെരക്ക്. ബസ്സ് കയറിയപ്പോൾ പോക്കറ്റിൽ എന്തോ തട്ടിയപോലെ. ബസ്സ് കയറി നോക്കിയപ്പോൾ ഫോൺ ഇല്ല. ബസ്സ് നിർത്താൻ ആവശ്യപ്പെട്ടു… ആരോട് ചോദിക്കും?? കണ്ടക്റ്റർ ദേഷ്യപ്പെട്ട് ഇറങ്ങാൻ പറഞ്ഞു. ഞാൻ ഇറങ്ങി. ഫോൺ പോയിരിക്കുന്നു എന്ന കാര്യം വല്ലാത്ത ഞെട്ടലായി മനസ്സിൽ വീണു.

പോയതിനേ പറ്റി അലോചിച്ചിട്ട് കാര്യമില്ലല്ലോ… എങ്കിലും ഞാൻ ആ നോക്കിയ കസ്റ്റമർ കെയറിൽ കയറി അവരെ പറഞ്ഞതൊക്കെ ഓർത്തു നോക്കി. വേണ്ടായിരുന്നു! ബുധനാഴ്‌ച ഫോൺ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ പോവുന്നത് ആ ഫോണാവില്ലേ! എന്തൊരു വൈരുദ്ധ്യം!! ഞാൻ സീഗേറ്റിന്റെ കസ്റ്റമർ കെയർ തപ്പി കണ്ടു പിടിച്ചു – നല്ല അലച്ചിൽ ആയിരുന്നു. ഒരു നമ്പർ പോലും ഇല്ല… സ്ഥലം മാത്രം അറിയാം! അവസാനം സ്മ്ലം കണ്ടുപിടിച്ച് അവിടെ കയറിയപ്പോൾ അവിടെ എഴുതി വെച്ചിരിക്കുന്നു, രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചകളിലും ഷോപ്പ് അവധിയായിരിക്കും എന്ന്!! സുഗീഷിന്റെ ഭാഷയിൽ പറഞ്ഞാൽ ഊമ്പി!! 8300 ന്റെ ഫോൺ പോയതു മിച്ചം!!

പിന്നെ, വൊഡാഫോൺ കസ്റ്റമർ കെയറിൽ വന്ന് സിംകാർഡ് ബ്ലോക്ക് ചെയ്തു. അവർ പുതിയ സിം തന്നു. നേരെ സാംസങ് ഫോൺ വാങ്ങിച്ച സംഗീതയിലേക്ക് വന്ന് അവരോടു ഫോൺ പോയ കാര്യം പറഞ്ഞു. അവർ പറഞ്ഞു HAL പൊലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തിട്ട് വാ അവിടെ നിന്നും ഒരു സ്ലിപ് തരും അതും ഞങ്ങൾ തരുന്ന ഒരു ഫോമും ഫിൽ ചെയ്ത് 14 ആം തീയതി കണ്ണിങ്‌ഹാം റോഡിലെ ഇൻഷ്വറൻസ് ഓഫീസിൽ പോയാൽ ഫോണിന്റെ 75% രൂപ തിരിച്ചു കിട്ടും എന്ന്. ഉടനേ HAL പൊലീസ് സ്റ്റേഷനിൽ പോയി. പരാതി കൊടുത്തു; കൈക്കൂലി കൊടുത്തു തിരിച്ച് വന്ന് സംഗീതയിൽ കാണിച്ച് ആക്സിഡന്റ് ക്ലൈം ഫോം ഫിൽ ചെയ്തു.

രാത്രി ആയിരുന്നു. സംഗീതയിൽ നിന്നും തന്നെ rage എന്ന ഒരു കമ്പനിയുടെ 1000 രൂപ വില വരുന്ന ഒരു ഫോൺ വാങ്ങിച്ചു. അതിൽ ഡ്യുൽ സിമ്മിടാം, ലൈറ്റുണ്ട്, റേഡിയോ ഉണ്ട്, 8 GB വരെ എക്സ്പാൻഡ് ചെയ്യാൻ പറ്റുന്ന മെമ്മറി ഉണ്ട്… ഇതിനൊക്കെ പുറമേ 1300 രൂപ വിലവരുന്ന MTS ന്റെ ഡാറ്റാ കാർഡ് ഫ്രീ ഉണ്ട്!! സംതൃപ്തനായി ഞാൻ! അപ്പുറത്തിരുന്ന് നോക്കിയ സി 7 നും സാംസങ് ഗ്യാലക്സി പോപ്പും എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു കണ്ണടച്ചു…

ജീവനും ജീവിതവുമായിരുന്ന കാമുകി:
വീട്ടിലെത്തുമ്പോൾ രാത്രി 9:45. രാവിലെ മൂന്നു ദോശയും ചായയും കുടിച്ചതാ… പിന്നെ പലതരം ജ്യൂസുകൾ കുടിച്ചിരുന്നു. വേറെ ഭക്ഷണമായി ഒന്നും കഴിച്ചില്ല; നല്ല ക്ഷീണം. കുളിച്ചു കിടന്നുറങ്ങി… രാത്രി എപ്പോഴോ അവൾ വിളിച്ചു. കുറേ നാളായി അവൾ വിളിക്കാതെ. അവൾ പറഞ്ഞു അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന്. (അവളെ കുറിച്ച് മംഗല്യം തന്തുനാനേന എന്ന പോസ്റ്റ് ഇവിടെ വായിക്കാം). അന്ന് നോക്കിയ പൊട്ടിത്തെറിച്ച നവംബർ 5 ശനിയാഴ്‌ചയായിരുന്നു അത്. ഒരു നല്ല ആശംസ കൊടുത്ത് ഞാൻ മെല്ലെ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി… മനസ്സു ശൂന്യമായിരുന്നു. നന്നായിട്ടുറങ്ങി.വീട്ടുകാർ 5 പവന്റെ ഒരു നെക്‌ലേസും അരപ്പവന്റെ ഒരു മോതിരവും വാങ്ങിച്ചിരുന്നു. അവൻ അവൾക്കൊരു സ്മാർട്ട് ഫോൺ വാങ്ങിക്കൊടുത്തു. അവൾ ആകെ ഹാപ്പിയാണ്.

ശനിയാഴ്ച 11 മണിക്കും പന്ത്രണ്ടുമണിക്കും ഇടയിൽ അവളുടെ അമ്മയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ഉറക്കച്ചടവോടെ ഞാനതു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ഒരു നോക്കിയ സി 7 ചിന്നിച്ചിതറകയായിരുന്നു… അവൻ വിളിക്കുന്നുണ്ട് എന്നു പറഞ്ഞ് ഉടനേ അവൾ ഫോൺ കട്ട് ചെയ്തു… എന്റെ ജീവനും ജീവിതവുമായിരുന്നവൾ! എന്റെ ജീവിതക്രമം വരെ ഞാൻ അവളെ വെച്ചു ചിട്ടപ്പെടുത്തിയിരുന്നു. യാതൊരു ഭാവഭേദവും ഇല്ലാതെ അവൾ ഒക്കെ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. എങ്കിലും അവളിൽ ഞാൻ നിറഞ്ഞിരിക്കും – എനിക്കറിയാം അത്. തുടർന്ന് ഞാൻ ഗാഢനിദ്രയിലേക്ക് വീണു.

ലാസ്റ്റ് ബട്ട് നോട് ലീസ്റ്റ്:
നവംബർ 13: ഇന്ന് രാവിലെ. ഉറക്കം പതിവു പോലെ ശാന്തവും സുഖമുള്ളതും തന്നെ. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ നഷ്ടങ്ങൾ ഉള്ളിൽ ഒരു അത്ഭുതവും ചെറിയൊരു ചിരിയും ഉണർത്തി. യാദൃശ്ചികമാവും എന്നാലും ഇതൊരു അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികത തന്നെ. ചായകുടിച്ച് വന്നിട്ട് ഒരു ബ്ലോഗ് എഴുതണം – പേര് നവംബറിന്റെ നഷ്ടം എന്നു കൊടുക്കണം. സംവിധായകൽ പത്മരാജൻ മരിച്ചത് നവംബറിലായിരുന്നോ? അതോ നവംബറിന്റെ നഷ്ടം എന്ന ഒരു സിനിമ അദ്ദേഹത്തിനുണ്ടോ!! എന്തോ, രാവിലെ മനസ്സിൽ നിറയെ പത്മരാജനായിരുന്നു. ബ്ലോഗിനു പേരു കിട്ടി. പല്ലുതേച്ചു.

ബലന്തൂർ മെസ്സിൽ പോയി ചായ കുടിച്ചുവരാം എന്നു കരുതി പുറത്ത് സ്റ്റാൻഡിൽ ചെരുപ്പ് തപ്പിയ വീണ്ടും അമ്പരന്നു പോയി!! സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ചെരുപ്പ് കാണാനില്ല. റൂമിൽ ഞങ്ങൾ 4 പേർ. അവർ മൂന്നുപേരും ചെരുപ്പ് വീടിനകത്താണു സൂക്ഷിക്കുക. ഞാൻ പക്ഷേ, പണ്ടേ പുറത്തു തന്നെ സൂക്ഷിക്കും. വീട്ടിനകത്ത് ചെരുപ്പിനു കടുത്ത നിയന്ത്രണം ജനിച്ചുവളർന്നപ്പോഴേ കണ്ടു ശീലിച്ചതിനാലാവണം, ആ ശീലം മാറ്റാനാവുന്നില്ല.

ചെരുപ്പില്ല. സമീപത്തൊക്കെ നോക്കി. ഇല്ല, കഴിഞ്ഞ ആഴ്‌ച കാഞ്ഞങ്ങാട് ബ്രദേർസിൽ നിന്നും വാങ്ങിച്ച 350 രൂപയുടെ സാധനം! പോയി! ആരോ അടിച്ച് മാറ്റി, സ്റ്റാന്റിനപ്പുറത്തു നിന്നും സഹമുറിയൻ മഹേഷ് മറ്റൊരു ചെരിപ്പ് കണ്ടെടുത്തു.. വലതുവശത്തെ ചിത്രം കാണുക – അതാണ്. ഒരു പഴയ ബാർ ചെരിപ്പ്… ഈ ആറാം നിലയിൽ വന്ന് എന്റെ പുതിയ ചെരിപ്പുമായി കടന്നുകളഞ്ഞ ആ മഹാനു സ്വസ്തിപറഞ്ഞ് മഹേഷിന്റെ ചെരിപ്പുമിട്ട് പോയി ചായ കുടിച്ചിട്ടു വന്നു.

ഇന്നിപ്പോൾ നംവംബർ 13 ആയതേ ഉള്ളൂ. ഈ മാസത്തിന്റെ പ്രത്യേകതയാണെങ്കിൽ തീരാൻ ഇനിയും പതിനേഴു ദിവസങ്ങൾ!! 16 നു വിക്കിപീഡിയ ഇന്ത്യാ കോൺഫറൻസിന് ബോംബെയ്ക്ക് പോകണം!! അറിയാതെ ഈശ്വരനെ വിളിച്ചു പോവുന്നു. എന്റെ ലാപ്‌ടോപ്പിന്റെ അവസ്ഥയോർത്ത് സഹതാപം തോന്നുന്നു!! ഇതും പോവുമോ!! ഇനി വരുന്ന വരുന്ന ദിവസങ്ങളിൽ ഇനി പോകാൻ വിലപിടിപ്പുള്ളതായി ഇതേ ഉള്ളൂ!!

തൽക്കാലം നിർത്തുന്നു. ഇവിടെ പവർ കട്ടാണ്. ഇതിലെ ഓരോ സംഭവവും ഓരോ ബ്ലോഗിനുള്ള വകുപ്പുണ്ടായിരുന്നു. ദിവസങ്ങൾ ഇനിയും കിടക്കുന്നല്ലോ. കാണാം!!

8 thoughts on “നവംബറിന്റെ നഷ്ടം!!

  1. ആ ആറാം നിലയിൽ വന്ന് താങ്ങളുടെ ചെരിപ്പുമായി കടന്നുകളഞ്ഞ ആ മഹാനു സ്വസ്തി :-))))))

    ഞാന്‍ ആ സ്റെപ് കയറുമ്പോള്‍ റൊണിച്ചനെ പ്രാകുമായിരുന്നു :))))

Leave a Reply

Your email address will not be published. Required fields are marked *