നമുക്കു വേണോ ഇങ്ങനെയൊരു രാഷ്ട്രീയം?

നമുക്കു വേണോ ഇങ്ങനെയൊരു രാഷ്ട്രീയം?

കാസർഗോഡടക്കം മറ്റുള്ള പല സ്ഥലങ്ങളിലും ബിജെപി കയറിവരാൻ പ്രധാന കാരണം കോൺഗ്രസാണ്; അല്ലെങ്കിൽ കോൺഗ്രസിന് ലീഗുപോലുള്ള വർഗീയപാർട്ടികളോടുള്ള അമിത സ്നേഹമാണ്. ഹിന്ദുക്കളുടെ ഇടയിൽ വൻതോതിലുള്ള വർഗീയ ധ്രുവീകരണത്തിന് ഇതു കാരണമാവുന്നു. ബിജെപി അതു നന്നായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ വര്‍ഗീയമായ ധ്രുവീകരണം മുസ്ലീങ്ങളുടെ വര്‍ഗീയ ശക്തിപ്പെടലിനു തിരിച്ചും കാരണമാവുന്നു. കേരളാ കോണ്‍ഗ്രസുകളുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെയാണ്‌. ക്രിസ്ത്യാനികളുടേയും നായന്മാരുടേയും ശക്തമായ ഏകീകരണം കോണ്‍ഗ്രസിന്റെ ഈ വൃത്തികെട്ട അധികാര ദുര്‍മോഹം വഴി ശക്തമാവുന്നു. വോട്ടുവാങ്ങി ജയിച്ചുകേറുന്ന ഇത്തരം വെറുക്കപ്പെട്ട ജന്മങ്ങള്‍ സുപ്രധാനവകുപ്പുകള്‍ വിലപേശിവാങ്ങിച്ച് അധികാരദുര്‍‌വിനിയോഗം നടത്തുന്നതും പലതവണ നമ്മള്‍ കണ്ടു കഴിഞ്ഞു. ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ ഇന്നത്തെ തലമുറയെ പഠിപ്പിക്കേണ്ടവര്‍ അത്തരം വികാരങ്ങളെ കുത്തിയും തോണ്ടിയും വ്രണപ്പെടുത്തി വോട്ടാക്കി വാങ്ങിക്കുന്നു. അധമവികാരങ്ങളായി അവ മനസ്സില്‍ അടിഞ്ഞ് തമ്മില്‍ തമ്മില്‍ കലഹിച്ചു മരിക്കുന്ന ഒരു നാളെ നമുക്കു വിദൂരമല്ല.

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള ഏകീകരണം മൂലം ഒരു കാലത്തു നമ്മള്‍ നന്നാവാന്‍ പോകുന്നില്ല. പരസ്പര വിദ്വേഷത്തിനും, ചൂഷണങ്ങള്‍ക്കും അല്ലാതെ ഇവകൊണ്ട് ഇക്കാലത്ത് നേട്ടങ്ങളൊന്നും തന്നെയില്ല. ഒന്നും വേണ്ട എന്നു പറയുന്നില്ല. എല്ലാം ആയിക്കോട്ടെ; മുമ്പും ഇതൊക്കെ ഉണ്ടായിരുന്നതാണല്ലോ. പക്ഷേ, ജാതിയേയും മതത്തെയും രാഷ്ട്രിയത്തില്‍ നിന്നും മുക്തമാക്കുക തന്നെ വേണം. രാഷ്ട്രീയമായി ഒരു മതവും ഏകീകരിക്കരുത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മതത്തെയോ ജാതിയേയോ കരുവാക്കുകയും അരുത്. ദൗര്‍ഭാഗ്യകരമെന്നുതന്നെ പറയാം അധികാരം നോട്ടം‌വെച്ച് കോണ്‍ഗ്രസ് നടത്തുന്ന പൊറാട്ടുനാടകം കേരളത്തില്‍ ദൂരവ്യാപകമായ പല ദൂഷ്യങ്ങല്‍ക്കും സാക്ഷ്യം വഹിക്കും. ഈ പോക്കുപോയാല്‍ ഒരു കാലത്ത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇതിനുവേണ്ടി ബലിയാടാവുമെന്നു തോന്നുന്നു.

തിരുവനന്തപുരത്തും കാസര്‍ഗോഡും ബിജെപിയുടെ വളര്‍ച്ചയും എല്‍ഡിഫിന്‌ ഇപ്രാവശ്യം പ്രവചിച്ചതുപോലുള്ള തോല്‍‌വി ലഭിക്കാതിരുന്നതിനും ഒരു മുഖ്യകാരണം കോണ്‍ഗ്രസിന്റെ വര്‍ഗീയകൂട്ടായ്മയോടുള്ള ജനങ്ങളുടെ അനഭിമതം തന്നെയാണ്‌. സമീപഭാവിയില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന്‌ കോണ്‍ഗ്രസും കേരളവും വലിയ വില നല്‍കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *