ജീവോ ജീവസ്യ ജീവനം

ജീവോ ജീവസ്യ ജീവനം

LIC People Hunting the public“മോനേ, ആ ചെക്ക് ഞാനവള്‍ക്ക് കൊടുക്കട്ടേ? അവളിന്നും വന്നിരുന്നു..”
ഞാനെന്തു പറയാന്‍, “ഓക്കേ, കൊടുത്തോ, ഈ പൈസ തിരിച്ചു കിട്ടാന്‍ പോവുന്നില്ല എന്നറിയാല്ലോ അമ്മയ്‌ക്ക്!”
“നീ ഇങ്ങനെ പറഞ്ഞാലെങ്ങനെയാ… നീ തന്നെയല്ലേ അന്ന് എല്ലാം ഒത്തിട്ട് പോയത്? ഇനിയിപ്പോ എന്നെ കുറ്റം പറഞ്ഞോ!” അമ്മയുടെ പരിഭവം.

വീട്ടിലേക്കുള്ള എന്റെ യാത്രകള്‍ ഒരിക്കലും മുന്‍‌കൂട്ടി അറിയിച്ചിട്ടാവില്ല. വീട്ടില്‍ രാവിലെ കേറുമ്പോഴാവും അമ്മയും വല്യമ്മയും അറിയുന്നതു തന്നെ. മുന്‍‌കൂട്ടി അറിയിച്ചാല്‍ പണിയാണ്‌. യാത്രയുടെ ഓരോ ഘട്ടത്തിലും വിളി വരും. പിന്നെ ഫോണ്‍ സ്വിച്ചോഫ് ചെയ്തു വെക്കരുത് – കൂറേയേറെ നിബന്ധനകള്‍. വീട്ടിലെത്തിയാല്‍ വല്യമ്മയുടെ ഒരു കൊച്ചു പരാതിയില്‍ തീരുമെല്ലാം “ഇന്നലെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ നല്ല പലഹാരങ്ങള്‍ ഉണ്ടാക്കി വെക്കില്ലായിരുന്നോ?”.

ഒരിക്കല്‍, ഒരേഴുമണി രാവിലെ വീട്ടിലെത്തി ചെറുതായൊന്നുറങ്ങിയെണീറ്റ് കെട്ടിയിട്ടിരിക്കുന്ന പശുവിനോടും അതിന്റെ കുഞ്ഞിക്കിടാവിനോടും കുശലം പറഞ്ഞ് പല്ലു തേക്കുകയായിരുന്നു ഞാന്‍. കുഞ്ഞിക്കിടാവിനെ വാത്സല്യപൂര്‍‌വം ചേര്‍ത്തുനിര്‍‌ത്തി അതിന്റെ മുഖം നക്കിത്തുടച്ചു വൃത്തിയാക്കുകയായിരുന്നു അവള്‍.
“നീ വന്നെന്നു ഞാനറിഞ്ഞു; നിന്നെ കാണാനാ ഞാന്‍ വന്നേ” ആശരീരിപോലൊരു ശബ്‌ദം, ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കുറച്ചപ്പുറത്തുള്ള ചേച്ചിയാണ്‌ – അമ്മയുടെ കൂട്ടുകാരി. അഞ്ചാണ്‍‌മക്കളുള്ളതില്‍ നാലുപേര്‍ ഗള്‍ഫില്‍ ഒരാള്‍ മംഗലാപുരത്ത് ഹോട്ടല്‍ മാനേജ്‌മെന്റിനു പഠിക്കുന്നു. ഈ ചേച്ചി രാവിലെ ഇത്ര ദൂരം സഞ്ചരിച്ച് എന്നെ കാണാന്‍ വന്നതെന്തിനാവും? അതല്ല, രാവിലെ ഞാനിവിടെയെത്തിയ കാര്യം ഇവരെങ്ങനെ അറിഞ്ഞു? അമ്മ വിളിച്ചു പറഞ്ഞതാവാനേ വഴിയുള്ളൂ. എന്തായിരിക്കാം വരവിന്റെ ഉദ്ദേശമെന്നത് ഏകദേശം എനിക്കു പിടികിട്ടി… അമ്മ വിളിച്ചു പറയണമെങ്കില്‍ അത് ഏതെങ്കിലും ഒരു പ്ലസ്റ്റുപെണ്‍കുട്ടിയുടെ ആലോചനയുമായി വന്നതാവും ചേച്ചി.

“ഓ നീയാകെ മെലിഞ്ഞുപോയല്ലോടാ കുട്ടാ… ഞാന്‍ ജോക്കുട്ടനു കഴിഞ്ഞ പ്രാവശ്യം പോകുമ്പോള്‍ കോട്ടക്കലില്‍ നിന്നും ഒരു ലേഹ്യം വാങ്ങിച്ചു കൊടുത്തിരുന്നു, അടുത്ത പ്രാവശ്യം വരുമ്പോള്‍ നിനക്കും ഞാനൊരെണ്ണം വാങ്ങിത്തരാം” – ഈ ചേച്ചിയിതെന്തിനുള്ള പുറപ്പാടാണ്! പിന്നീട് അമ്മയോടായി പരിഭവം. “ദൂരെ പോയി വര്‍ക്കു ചെയ്യുന്നതല്ലേ – നമ്മള്‍ വേണം ഇതൊക്കെ ശ്രദ്ധിക്കാന്‍…”

“ചേച്ചി വാ ഇരിക്ക്…ഞാനിപ്പോ വരാം”

ഞാന്‍ വരുമ്പോഴേക്കും ചേച്ചി ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടപാടേ കുറേ പേപ്പേര്‍‌സ് എടുത്തു മുന്നില്‍ വെച്ചു. “നീ ഇതിലൊന്ന് ഒപ്പിട്ടാല്‍ മതി”
“എന്താ ചേച്ചി ഇത്?” – ഞാന്‍ ഒരു പേപ്പര്‍ എടുത്തു നോക്കി. LIC ഫോം!! ഹോ ഇതിനായിരുന്നോ രാവിലെ തന്നെ ഈ കുന്നും കയറി വന്നത്! ഞാന്‍ ഒന്നു കനപ്പിച്ച് അമ്മയെ നോക്കി. അമ്മ അകത്തേക്ക് വലിഞ്ഞു.
“എന്റെ ചേച്ചി ഞാന്‍ രണ്ടുമൂന്നു പോളീസികള്‍ എടുത്തിട്ടുണ്ട്, എനിക്കിപ്പോള്‍ ഇതിന്റെയൊന്നും ആവശ്യമില്ല”
“മോനേ, ഇത് അതുപോലുള്ളതല്ല…” പിന്നെ ഒരഞ്ചു മിനിറ്റു സമയം ആ പോളീസിയെ കുറിച്ചുള്ള വിവരണമായിരുന്നു. എന്റെ ജീവന്റെ പ്രാധാന്യത്തെ കുറിച്ചും വീട്ടുകാര്‍ക്കു കിട്ടുന്ന ലക്ഷങ്ങളെകുറിച്ചും ചേച്ചി വാചാലയായി.
“എന്നെ ചേര്‍ത്താല്‍ ചേച്ചിക്കെത്ര കമ്മീഷന്‍ കിട്ടും? ആ പൈസ ഞാന്‍ തരാം ചേച്ചി എനിക്കിതു വേണ്ട – എന്നെ ഒഴിവാക്കിയേക്ക്…” മറ്റുള്ള LICക്കാരോട് പറയാറുള്ള അതേ ഡയലോഗ്… ജോലിചെയത് പണമുണ്ടാക്കുന്നതിലെ സുഖത്തെക്കുറിച്ചായി പിന്നെത്തെ ചേച്ചിയുടെ ക്ലാസ്!! ഒരു രക്ഷയുമില്ല… എനിക്കാണെങ്കില്‍ നൂറുകൂട്ടം പണിയുണ്ട്. എവിടെയൊക്കെയോ പോകാനുണ്ട്…

ചേച്ചി സെന്റി അടിച്ചു തുടങ്ങിയിരിക്കുന്നു. പതിനെട്ടുപേരെ ചേച്ചി ഈ മാസത്തില്‍ ഇതിനോടകം ചേര്‍ത്തു കഴിഞ്ഞു. ഇനി രണ്ടുപേരെ കൂടി ചേര്‍ത്താല്‍ മാത്രമേ ചേച്ചിയുടെ ഈ മാസത്തെ ടാര്‍ജറ്റ് പൂര്‍ത്തിയാവുകയുള്ളൂ. ഇല്ലെങ്കില്‍ ഇതുവരെ വര്‍ക്ക് ചെയ്തതെല്ലാം വെറുതേ ആവും ശമ്പളം കിട്ടില്ല. എന്തായാലും ഞാന്‍ ഒരെണ്ണം എടുത്തേ മതിയാവൂ. മക്കള്‍ മാസാമാസം വീട്ടുചെലവിനുള്ളതിന്റെ എത്രയോ ഇരട്ടി അയച്ചു കൊടുക്കുന്നുണ്ട്. എന്നിട്ടും ഇവരെന്തിനാ ഇങ്ങനെ മനുഷ്യരെ മെനക്കെടുത്താന്‍ ഇറങ്ങി നടക്കുന്നത്? വേണ്ടാ എന്നു പറഞ്ഞാല്‍ അതിനൊരു കാരണമുണ്ടാവുമെന്നും പിന്നെയും പിന്നെയും അത്തരക്കാരെ നിര്‍ബന്ധിക്കരുതെന്നും ഇക്കൂട്ടരെന്നാണാവോ പഠിക്കുക… ബസ്സിറങ്ങുന്ന സ്റ്റോപ്പില്‍ തന്നെ കച്ചവടം നടത്തുന്ന പയ്യന്‍സ് ആണ്‌ ആദ്യമായി എന്നെ ഇക്കാര്യത്തിനു വേണ്ടി സമീപിച്ചത്. എന്നും ബസ്സിറങ്ങേണ്ടതവന്റെ മുമ്പിലായതിനാല്‍ മറ്റു രക്ഷയില്ലാതെ വന്നു. ഒരു പോളീസി എടുത്തു.
അതും വലിയൊരു പോളീസി. വര്‍ഷത്തില്‍ 12500 രൂപയോളം വരും. ആ തുക ഒന്നിച്ചവനെ ഏല്പിച്ചു. അവന്‍ കൃത്യമായി തന്നെ റസിപ്‌റ്റും തന്നു. പണം കിട്ടിയതോടെ അവന്റെ സ്നേഹവും ബഹുമാനവും സൗഹൃദവുമൊക്കെ പമ്പ കടന്നു. അതുവരെ കണ്ടിരുന്ന ആളേ അല്ലാതായി. ഒരു വര്‍ഷത്തിനു ശേഷം ചില നോട്ടീസുകളൊക്കെ എനിക്കു കിട്ടി. ഞാന്‍ പക്ഷേ അതിന്റെ ബാക്കി തുക കൃത്യമായി അടക്കാന്‍ പറ്റാതെ ആ പോളീസിയെ ഉപേക്ഷിക്കുകയായിരുന്നു.

കുറച്ചുനാളുകള്‍ക്കു ശേഷം ബന്ധുവായ ഒരു പെണ്‍കുട്ടി ഇതേ ആവശ്യവുമായി പുറകേ വന്നു. മുമ്പത്തെ പോളീസിയെ പറ്റി ഞാനവളോടു പറഞ്ഞു, അവള്‍ പറഞ്ഞു ഇനി അത് അടയ്‌ക്കണമെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റൊക്കെയായി ഞാനവരുടെ ഓഫീസില്‍ പോകണമെന്ന്. ഇവളുടെ കയ്യില്‍ മറ്റൊരു പോളീസി ആണത്രേ! ഗത്യന്തരമില്ലാതെ അതും എടുക്കേണ്ടി വന്നു. ആ പോളീസിയുടെ ഗതിയും തഥൈവ…

കഥ ഇവിടേയും തീരുന്നില്ല…
വീടിലേക്കു പോകുന്ന വഴിവക്കില്‍ മറ്റൊരു പെണ്‍കുട്ടി എന്റെ വരവും കാത്തിരിപ്പുണ്ടെന്ന് ആരോ പറഞ്ഞ് ഞാനറിഞ്ഞു. പണ്ട് ട്യൂഷന്‍ എടുത്തുകൊടുത്തിരുന്നു അവള്‍ക്ക്. അവള്‍ അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍. അമ്മ പറഞ്ഞു അവളും LIC ഏജന്റാണെന്ന്!! ഞാന്‍ ആ വഴി ഒഴിവാക്കി നടന്നു തുടങ്ങി. ഒരിക്കല്‍ അവള്‍ എന്നെ കൈയോടെ പിടികൂടി. അവളും കൊണ്ടുപ്പോയി ഒരു പോളീസി! നാടിനെ തന്നെ വെറുത്തുപോയി… കുറച്ചു സിഡികള്‍ ഒരിക്കല്‍ രജിസ്‌ട്രേഡ് പോസ്റ്റില്‍ വന്നു. അതു വാങ്ങിക്കാന്‍ പോസ്റ്റോഫിസില്‍ പോയ എന്നെ അവിടുത്തെ പോസ്റ്റ്മാസ്റ്റര്‍ പിടികൂടി. ഗവണ്മെന്റിന്റെ നേരിട്ടുള്ള ഇടപാടാണത്രേ! കൊടുത്തു അവിടേയും 3500 രൂപ! ഓരോ ആറുമാസം കൂടുമ്പോഴും അത്ര വെച്ച് അടക്കണമെന്നും അവര്‍ ചട്ടം കെട്ടി. LIC പോലെ മറ്റൊരു ഇന്‍‌വെസ്‌റ്റ്മെന്റ് സ്‌കീമായിരുന്നു അത്.

ഇവിടെ ബാംഗ്ലൂരില്‍ എച്ച്.ഡി.എഫ്.സിക്കാരും ഐ.സി.ഐ.സി.ഐക്കാരും മത്സരിച്ച് വിളിക്കുകയാണ്‌. വേണ്ടെന്നു പറയുമ്പോള്‍ ചില അവളുമാര്‍ ചെവിപൊട്ടുന്ന രീതിയില്‍ ഫോണ്‍ വെച്ചു കളയും. ഒരു റും‌മേറ്റ് ഒരിക്കല്‍ കമ്പനി വിട്ട് റ്റാറ്റാ എ.ഐ.ജി-യില്‍ ചേര്‍ന്നു. അന്നു മുതല്‍ അവന്‍ സ്വൈര്യം തന്നിട്ടില്ല. അവന്റെ അണ്ണാക്കിലും ഇട്ടു അയ്യായിരം രൂപ. എല്ലാം എന്റെ വിലപ്പെട്ട ജീവനു വേണ്ടിയാണല്ലോ എന്നു സമാധാനിച്ചു. ഒരിക്കലടച്ചതല്‍ലാതെ ഒന്നും തന്നെ പിന്നീട് അടച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന സത്യമായി നിലനില്‍ക്കുന്നു എന്നു മാത്രം.

8 thoughts on “ജീവോ ജീവസ്യ ജീവനം

  1. അയ്യോ പാവം രാജേഷേട്ടന്‍…. 🙁 ഞാന്‍ ഇതുവരെ ആയി ഒരു പോളിസിയും എടുത്തിട്ടില്ല….. 😀

  2. ha ha..kollam…. bus stopil shope nadathunna payyansinte kayyil ninnum njan kashttichu mungi nadakkukayanu… classmate aanu…. friendship mikkavarum thakarum!!… itharappa raavile vanna chechi????
    ente karyam nokkane…. njan 6 times leavinu vannittundu ( 3 varshathinullil)..entammo….veettle maryadaykku oru divasam irikkan pattiyittilla….

Leave a Reply

Your email address will not be published. Required fields are marked *