ചങ്ങായം ചോദിക്കൽ

ചങ്ങായം ചോദിക്കൽ

വടക്കേ മലബാറിൽ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരക്കളിയും ചങ്ങായം ചോദിക്കലുംപൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന ചില തനി നാടൻ ചടങ്ങുകൾ ഇതുമായി ബന്ധപ്പെട്ടുണ്ട്. അതാലൊന്നാണ് ചങ്ങായം ചോദിക്കൽ. ചങ്ങായം ചോദിക്കലിനെ പറ്റി പറയും മുമ്പ് മറ്റു ചിലകാര്യങ്ങൾ പറയേണ്ടതുണ്ട്.

മീനമാസത്തിലെ പൂരം നാൾ വടക്കേ മലബാറിലെ കന്യകമാർക്ക് വിശേഷപ്പെട്ട ദിനമാണ്. അവർ തങ്ങളുടെ ഇഷ്ടേശ്വരനായ കാമനെ പറഞ്ഞയക്കുന്ന ദിനമാണത്. ഇനിയത്തെ കൊല്ലം നേരത്തേ കാലത്തേ വരണേ കാമാ എന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കൊന്നും പോകല്ലേ കാമാ എന്നും അവർ ആശിച്ചുപാടിയാണ് ഈ യാത്രയയപ്പ്. പൂക്കൾ കൊണ്ട് കാമരൂപം വരച്ചവർ കാമദേവനെ സംതൃപ്തനാക്കുന്നു. പലഹാരങ്ങൾ വെച്ച് നേദിക്കുന്നു. പൂരം പൂരങ്കുളി, പൂരക്കളി എന്നിങ്ങനെ വിവിധ പരിപാടികളോടെ ഇത് ആഘോഷിക്കുന്നു… കാമദേവന്റെ പ്രസിദ്ധമായ ആ കഥ അറിവുള്ളതാണല്ലോ?

ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കൽ, ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ്‌ സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി. എന്നാൽ അവിടെ തന്റെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി അപമാനിതയായതിൽ മനം നൊന്ത്‌ സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച്‌ തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു. എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ്‌ ആരംഭിച്ചു. തപസിന്റെ ശക്‌തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ്‌ മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ്‌ നടക്കുന്ന സ്ഥലത്ത്‌ എത്തി മറഞ്ഞിരുന്ന്‌ കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ്‌ തുറന്ന്‌ കാമദേവനെ ഭസ്മമാക്കി. കാമദേവന്റെ തിരോധാനത്തിൽ കന്യകമാർ തീവ്ര ദുഃഖത്തിലായി. അവർ ശിവനെ പ്രാർത്ഥിച്ച് കരഞ്ഞപേക്ഷിച്ചു. കാമനെ പുനർജനിപ്പിക്കാനായി പൂര എന്ന ദേവസ്ത്രീയുടെ നേതൃത്വത്തിൽ അവർ ശിവനു മുന്നിൽ കരഞ്ഞു പാടി നൃത്തം വെച്ചു. ഒമ്പതാമത്തെ ദിവസം പൂക്കളെ കൊണ്ട് കാമദേവനെ ഉണ്ടാക്കി വെയ്ക്കും. പിന്നീട് ഈ പൂക്കൾ വാരിയെടുത്താണു കന്യകമാർ കാമനെ യാത്രയയക്കുന്നത്. അടുത്തുള്ള പ്ലാവിൻ ചുവട്ടിൽ നിക്ഷേപിച്ച് വരുംകൊല്ലം വഴിതെറ്റാതെ നേരത്തേകാലത്തേ വരണേ കാമാ എന്നവർ കുരവയിട്ട് അപേക്ഷിച്ചാണ് യാത്രയയപ്പ്.

വർഷത്തിലൊരിക്കൽ അമ്പലത്തിൽ നിന്നും ദേവവിഗ്രഹം പട്ടിൽ പൊതിഞ്ഞ് ആഘോഷം പൂർവം കൊണ്ടുവന്ന് ശാന്തിക്കാരൻ അമ്പലക്കുളത്തിൽ മുങ്ങിക്കരേറുന്ന ചടങ്ങാണ് പൂരംകുളി. അന്നേദിവസം നാട്ടുകാരെല്ലാം അവിടെ സമ്മേളിക്കുകയും വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിക്കുകയും ചെയ്യുന്നു. ആണുങ്ങളുടെ കളിയാണ് പൂരക്കളി. പൂരത്തോടനുബന്ധിച്ച് വിവിധ കഴകങ്ങളിലും തറവാടുകളിലും ഇത് അരങ്ങേറുന്നു. കളിയിൽ പങ്കെടുക്കാൻ പ്രായഭേദമോ അംഗസംഖ്യയോ ഒന്നുമില്ല. കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ ഇതിൽ പങ്കെടുക്കുന്നു. ഏറെ ഊർജ്ജം ചെലവിടേണ്ട ഒരു കലാപരിപാടികൂടിയാണിത്. ക്ഷേത്രസ്ഥാനീയരായ കഴകക്കാരും അച്ഛന്മാരും കൂട്ടായിക്കാരന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. പൂരക്കളിപ്പാട്ടുകൾക്ക് ഒരു പ്രത്യേക ഈണവും താളവും ഉണ്ട്. വാമമൊഴി ഭാഷയിലുള്ള ഈ പാട്ട് ഏറെ ഹൃദ്യമാണ്.

ഇനി ചങ്ങായം ചോദിക്കലിലേക്കു വരാം. പൂരത്തിനു മുന്നോടിയായി ഭരണിനാളിൽ നാട്ടിലെ വീടുകളിലെല്ലാം കയറിയിറങ്ങി പൂരം അറിയിക്കുന്ന ഒരു ചടങ്ങുണ്ട് ഈ ഭാഗങ്ങളിൽ. ചെറുപ്പക്കാരുടെ ഒരു കൂട്ടയോട്ടമാണത്. പ്രധാനമായും ഇത് നടക്കുന്നത് അച്ചാംതുരുത്തി, അരയാം തുരുത്ത് എന്നിവിടങ്ങളിൽ മാത്രമാണ്. തേജസ്വനിപ്പുഴ എന്നറിയപ്പെടുന്ന കാര്യങ്കോട് പൂഴയിലെ രണ്ട് ചെറു ദ്വീപുകളാണിവ രണ്ടും ഒരു പ്രത്യേക സമുദായക്കാർ മാത്രം അതിവസിക്കുന്ന ഈ തുരുത്തുകൾ തനതുകലകളുടെ ഒരു കേളീരംഗം കൂടിയാണ്. ചങ്ങായം ചോദിക്കാൻ പോകുന്നവർ അധികവും ചെറുപ്രായക്കാർ ആയിരിക്കും എങ്കിലും ഒരു ഗ്രൂപ്പിൽ ഒരാളെങ്കിലും വിവാഹിതനായിരിക്കണം എന്ന നിർബന്ധവും ഉണ്ട്. ഒരു തോർത്തുമുണ്ട് മാത്രമാവും ഇവരുടെ വേഷം. അരയിൽ പച്ചോല മെടഞ്ഞ് വള്ളിപോലെയാക്കി കെട്ടിവെയ്ക്കും. അച്ഛന്മാരുടേയും കഴകം സ്ഥാനീയരുടേയും സാന്നിദ്ധ്യത്തിൽ പള്ളിയറയിൽ വിളക്ക് വെച്ചശേഷം ഗണപതിയെ സ്തുതിച്ചുകൊണ്ട് പൂരക്കളി അരഞ്ഞേറുന്നു, ഇതൊരു വാമിങ് അപ്പാണ്, രാവിലെ നടക്കുന്ന ഈ പൂരക്കളിയുടെ ഒടുവിൽ ചെറുപ്പക്കാർ മറ പിളർന്ന് പായാൻ തുടങ്ങുന്നു. കൂട്ടം കൂട്ടമായി ആർത്തിരമ്പി അവർ വിവിധ വീടുകളിൽ കയറുന്നു. വീടുകളെല്ലാം ഇവരെ സ്വീകരിക്കാൻ സജ്ജമായിരിക്കും. ഒരിടത്തും ഇവർ അധിക സമയം തങ്ങില്ല. എല്ലാ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കണം എന്ന നിർബന്ധവും ഉണ്ട്. എത്തിച്ചേരുന്ന സമയത്തിനനുസരിച്ച് ഭക്ഷണാത്തിന്റെ രീതിമാറും. പലഹാരങ്ങൾ മുതൽ മീനും ഇറച്ചിയും അടക്കം സുഭിക്ഷമായ സദ്യവരെ നാട്ടുകാർ ഒരുക്കിവെയ്ക്കുന്നു. ഇവർക്കൊപ്പം കൂട്ടായിക്കാർ എന്ന കഴകം സ്ഥാനിയരും ഉണ്ടാവും, പക്ഷേ, ഇവർ മറ്റുള്ള വീടുകളിൽ കയറാറില്ല. ഇവർക്കുള്ള ഭക്ഷണം ക്ഷേത്രത്തിൽ നിന്നായിരിക്കും. നാട്ടിലുള്ള ചെറുപ്പക്കാരൊക്കെ അന്നേ ദിവസം ഇതിൽ പങ്കെടുക്കുന്നു. കരയിലുള്ള ഒരു വീടും ഒഴിവാക്കാൻ പാടില്ല എന്നാണു നിയമം. ഇനി അഥവാ ഏതെങ്കിലും വീടു വിട്ടുപോയതായി അറിഞ്ഞാൽ അതിനിവർ ക്ഷേത്രത്തിൽ പിഴവെയ്ക്കണം. ആയിരത്തിലധികം വീടുകളിൽ കയറിയിറങ്ങി രാത്രിയോടുകൂടി വിവിധ സംഘങ്ങൾ ക്ഷേത്രത്തിൽ സമ്മേളിക്കുന്നു. പിന്നീടെല്ലാവരും കുളിച്ചശേഷം പൂരക്കളി നടത്തി പിരിയുകയാണു പതിവ്.

പൂരം അറിയിക്കുക, എല്ലാവരേയും മാനസ്സികമായി ഉത്സവകാലത്തിലേക്ക് സജ്ജമാക്കുക എന്നതിനപ്പുറം ഇതിന്റെ ചരിത്രപരമായ കാരണങ്ങൾ ഇന്നും പലർക്കും അറിവില്ല. തങ്ങളുടെ ചെറുപ്രായം തൊട്ടേ ഇതിവിടെ നടക്കുന്നുണ്ട് എന്ന ഉത്തരം കൊണ്ട് സംതൃപ്തിയടയാനേ തത്കാലം നിവൃത്തിയുള്ളൂ.
——————————————————-
പൂരക്കളിയുടെ ചരിത്രം: മലയാളം വിക്കിപീഡിയയിൽ നിന്നും
പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. (അതിനു മുന്ന് ഉണ്ടായിരുന്നോ എന്നതിനു തെളിവുകൾ ഇല്ല. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം.
——————————————————-

Leave a Reply

Your email address will not be published. Required fields are marked *