ഗ്രാമപാതകൾ തേടി മലയാളം വിക്കിപീഡിയ…

ഗ്രാമപാതകൾ തേടി മലയാളം വിക്കിപീഡിയ…

ഒരിക്കൽ ഓൺലൈൻ മീറ്റുകളിലും മെട്രോസിറ്റികളിലും മാത്രമായി നടന്നുവന്നിരുന്ന വിക്കിപ്രവർത്തകസംഗമം ഇന്നിപ്പോൾ ഗ്രാമാന്തരങ്ങൾ പിന്നിടുന്നു. അത്യധികമായ ബാലിരിഷ്ടതകളോടെ ശൈശവകാലം പിന്നിട്ട് മലയാളം വിക്കിപീഡിയ കഴിഞ്ഞ മൂന്നു നാലുവർഷങ്ങളിൽ അതിന്റെ നവതാരുണ്യത്തിൽ എത്തിനിൽക്കുന്നു.

കേരളത്തിൽ അങ്ങോളമിങ്ങോളം വിക്കീപീഡിയ സൗഹൃദസംഗമങ്ങളും പഠനശിബിരങ്ങളും നടന്നുവരുന്നു. പത്രമാധ്യമങ്ങളും വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധതുറകളിലുള്ള വിജ്ഞാനകുതുകികളും വിക്കിപീഡിയയെ വൻതോതിൽ ആശ്രയിച്ചുവരാനും തുടങ്ങിയിരിക്കുന്നു. വിക്കിപീഡിയയോടൊപ്പം വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ പോലുള്ള സഹോദരസംരംഭങ്ങളും ശക്തിപ്രാപിക്കുന്നു. വിജ്ഞാനാന്വേഷകർക്ക് ഇന്ന് വിക്കിപീഡിയ സുപരിചിതമാണ്.

സ്വതന്ത്രമായ വിജ്ഞാനത്തിന്റെ പങ്കുവയ്‌ക്കൽ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ പരിശ്രമം ഇതിന്റെ പുറകിലുണ്ട്. പരസ്പരം കാണാതെ ലോകത്തിന്റെ വിവിധകോണുകളിൽ ഇരുന്ന് അവരുടെ വിശ്രമവേളകൾ മലയാളത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതിന്റെ അനന്തരഫലമാണ് ഇന്നത്തെ മലയാളം വിക്കിപീഡിയ എന്നു പറയാം. മെട്രോടൗണുകൾ വിട്ട് വിക്കിപീഡിയ ഗ്രാമാന്തരങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ നമുക്കവരെ നന്ദിയോടെ ഓർക്കാം.

ഈ അവസരത്തിൽ കൊല്ലം ജില്ലയിൽ നടന്ന ജില്ലയിലെ മൂന്നാമത് മലയാളം വിക്കിപഠനശിബിരം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. പട്ടണങ്ങൾ വിട്ട് ഗ്രാമത്തിലേക്കെത്തിയ ആദ്യ വിക്കിപഠനശിബിരമാണ് കൊല്ലം ജില്ലയിലെ ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ നടന്നത്. നവവിക്കിപീഡിയനായ  ശ്രീ രവികുമാറിന്റെ വീട്ടിലെ കാരിബിയൻ ചെറി മരത്തണൽ വിക്കിപ്രവർത്തകരോടൊപ്പം സാഹിത്യ തല്പരരും , കലാസ്നേഹികളും ,അധ്യാപകരുമായ പതിനഞ്ചോളം പേരാണ് പുതിയതായി ഒത്തുചേന്നത്. കിരൺഗോപി, ഡോ.ഫുവാദ് എ.ജെ, കണ്ണൻഷൺമുഖം, അഖിൽ ഉണ്ണിത്താൻ എന്നിവർ നേതൃത്വം കൊടുത്ത ആ പഠനക്യാമ്പ് വിക്കികൂട്ടായ്‌മയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വിക്കിപഠനശിബിരത്തിനു നേതൃത്വം കൊടുത്ത പ്രവർത്തകർക്കും അവിടെ ഒത്തുചേർന്ന ഭാഷാസ്നേഹികൾക്കും ശ്രീ. രവികുമാർ ചേട്ടനു പ്രത്യേകിച്ചും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഫോട്ടോ ആൽബം ഇവിടെ കൊടുത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *