Select your Top Menu from wp menus

കുടുംബകലഹം സ്പെഷ്യല്‍

കുടുംബകലഹം സ്പെഷ്യല്‍അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. ചാലിങ്കാലെത്തിയപ്പോള്‍ അവരുടെ കൂടെയിരുന്ന പെണ്‍‌കുട്ടി എണീറ്റുപോയി. നാഷണല്‍‌ ഹൈവേയിലെ കുഴികളില്‍ മാറിമാറി വീണുകൊണ്ടാ പ്രൈവറ്റ് ബസ്സ് പായുകയാണ്‌. തൊട്ടടുത്തുനില്‍ക്കുന്ന പുരുഷപ്രജകളാരും തന്നെ അവിടെ ഇരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ആ സീറ്റില്‍ സ്ഥലം പിടിച്ചു. തടുച്ചുകൊഴുത്ത കുലീനത തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ. അവരെന്നെ ഒന്നു നോക്കി. പിന്നെ യാതൊരു ഭാവഭേദവും കൂടാതെ എനിക്കിരിക്കാന്‍ പാകത്തിന്‌ ഒന്ന് ഒതുങ്ങിയിരുന്നുതന്നു. മുമ്പില്‍ അമ്മയുണ്ട്. അമ്മയ്‌ക്ക് സീറ്റ് കിട്ടിയിരുന്നില്ല. അമ്മയൊന്നു തിരിഞ്ഞു നോക്കിയാല്‍ വിളിച്ചിവിടെ ഇരുത്താം എന്നുണ്ടായിരുന്നു. പക്ഷേ, റോഡിലെ കുഴികളില്‍ വീണ് ചാഞ്ചാടുന്ന ബസ്സില്‍ അടിതെറ്റാതിരിക്കാന്‍ അടുത്തുള്ള സീറ്റില്‍ ചാരി ശ്രദ്ധയോടെ നില്‍ക്കുകയാണമ്മ.

ബസ്സില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ വലിയ തെരക്കില്ലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ചും ഒരിക്കലെങ്കിലും മുഖ്യമന്ത്രി അച്ചുമ്മവന്‍ ഈ വഴിയിലൂടെ യാത്ര ചെയ്യേണ്ട അവസരം വരുന്ന ഏതാനും മാസത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെങ്കിലെന്നും ഒക്കെയുള്ള വിഫലചിന്തകളില്‍ ഊളിയിട്ട് ആ സ്ത്രീയോടൊപ്പം ഞാനിരുന്നു. ഒരുപക്ഷേ അവരും ചിന്തിക്കുന്നത് ഈ റോഡിനെക്കുറിച്ചാവാം. കണ്ണൂര്‍ ബോര്‍ഡ് വെച്ച ഒരു കെ. എസ്. ആര്‍. ടി. സി ബസ്സ് ഞങ്ങളെ കടന്ന് ആ കുഴികള്‍ക്കു മുകളിലൂടെ പറന്നുപോയി. ഞങ്ങളിരുന്ന ബസ്സ് പൊടിയാല്‍ അഭിഷേകം ചെയ്യപ്പെട്ടു. അവര്‍ മുഖം തിരിച്ച് മൂക്കുപൊത്തിയപ്പോള്‍ മൂക്കില്‍ ഒരു സ്വര്‍‌ണമൂക്കുത്തി തിളങ്ങുന്നതു ഞാന്‍ കണ്ടു.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിനടുത്തുള്ള എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടന്റെ ഓഫീസില്‍ പോയതായിരുന്നു അമ്മയും ഞാനും. സമയം വൈകുന്നേരം മൂന്നുമണിയോടടുത്തിരുന്നു. ചാലിങ്കാല്‍ ഇറക്കം ഇറങ്ങിയപ്പോള്‍ മുതല്‍ വളരെ യാദൃശ്ചികമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. മുമ്പില്‍, ബസ്സിന്റെ ഡോറിനു പിന്നെലെ രണ്ടാമത്തെ സീറ്റിലിരുന്ന വളരേ ആഢ്യനായിരുന്ന ഒരു വൃദ്ധന്‍ കൂടെ കൂടെ എന്നെ തിരിഞ്ഞു നോക്കുന്നു. എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടനേക്കാള്‍ ഇയാള്‍ക്ക് പ്രായമുണ്ടെന്ന് ഞാന്‍ കണ്ടു പിടിച്ചു! ആരായിരിക്കും ഇയ്യാള്‍? ഇയാളെന്തിനായിരിക്കും എന്നെ നോക്കുന്നത്? എന്നെ അറിയുന്ന ആരെങ്കിലും? അല്ല, ആണെങ്കില്‍ ഒന്നു ചിരിച്ചു കാണിക്കില്ലേ… ഇനി, തൊട്ടടുത്തിരിക്കുന്ന ചേച്ചിയുടെ ഭര്‍‌ത്താവായിരിക്കുമോ? ആയിരിക്കുമോ?? എന്റെ സിരകളിലൂടെ ഒരു മിന്നല്‍ പിണര്‍‌ പാഞ്ഞുപോയി…
ആല്ല, ആവാന്‍ വഴിയില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ട്. അടുത്തിരിക്കുന്ന ചേച്ചിക്ക് ഒരു ചേരുന്നതല്ല, അച്ഛനായിരിക്കുമോ ഇനി? മകളുടെ അടുത്ത് ഒരുത്തന്‍ നാണമില്ലാതെ കേറിയിരിക്കുന്നത് കണ്ട് അയാള്‍ പ്രകോപിതനായി എണീറ്റു വന്നാല്‍ എന്തു ചെയ്യും? ഞാന്‍ രണ്ടു കൈയും പൊക്കി മുമ്പിലെ സീറ്റിന്റെ പുറകിലെ കമ്പിയില്‍ എല്ലാവരും കാണ്‍‌കെ തന്നെ വെച്ചു, ഇനി വയസ്സന്‍‌മൂപ്പര്‍ ഹാലിളകി വന്നാല്‍ എന്റെ കൈകള്‍ ഒരു കുരുത്തക്കേടിനും കൂട്ടുനിന്നിട്ടില്ലെന്ന് പറയാന്‍ ചുറ്റുവട്ടത്ത് നില്‍‌ക്കുന്നവരെങ്കിലും കൂടുമായിരിക്കില്ലേ…

ബസ്സ് മാവുങ്കാലെത്തി. വയോവൃദ്ധന്‍ കഷ്‌ടപ്പെട്ട് എണീക്കുന്നു. ഇപ്പോള്‍ ഈ ചേച്ചിയും ഇറങ്ങുമായിരിക്കും. ഞാന്‍ അവര്‍‌ക്കിറങ്ങാന്‍ പാകത്തിന്‌ സ്ഥലം ഒരുക്കി റെഡിയാക്കി വെച്ചു. പക്ഷേ, അവര്‍‌ക്കിറങ്ങാനുള്ള ഭാവമില്ല. ഓ! അയാളുടെ ആരുമാവില്ല ഇവര്‍. എന്തൊക്കെ പൊട്ടത്തരങ്ങളാണ്‌ ഞാന്‍ ചിന്തിച്ചു കൂട്ടിയത്. പാവം വൃദ്ധന്‍! എന്തൊക്കെയോ തെറ്റിദ്ധരിച്ചുപോയി. പ്രായത്തെ ബഹുമാനിക്കണമായിരുന്നു. ഞാന്‍ മനസ്സുകൊണ്ട് അയാളോട് ക്ഷമ ചോദിച്ചു.

ഇന്നിനി തിരിച്ച് ബാംഗ്ലൂരിനു പോകേണ്ടതാണ്‌. കാസര്‍ഗോഡ് നിന്നാണു ബസ്സ്. എന്റെ ചിന്തകള്‍ മറ്റേതൊക്കെയോ മേഖലകളിലേക്ക് വ്യാപിച്ചു. ദൂരെ, അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? ചുറ്റും ടെസ്റ്റ്യൂബുകളില്‍ നിറയെ ബാക്റ്റീരിയകളും വൈറസുമൊക്കെയായിട്ട്… ഈ പെണ്ണിന്‌ വേറെ വല്ല ജോലിക്കും പോകാന്‍ പാടില്ലയിരുന്നോ! എത്ര അപകടകരമാണ്‌ ഇത്തരം ജോലികള്‍! ഒന്നു തെറ്റിയാല്‍, അറിയാതെ ഒരു സൂചി തറച്ചു കയറിയാല്‍!! ഞാന്‍ മൊബൈല്‍ എടുത്ത് കലണ്ടര്‍ തുറന്നുവെച്ചു. അവള്‍ കാണാം എന്നു പറഞ്ഞിരിക്കുന്ന ദിവസത്തേക്ക് ഇനിയും പത്തിരുപതു ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. ആരോ ശക്തിയായി എന്റെ ചുമലില്‍ വന്ന് ചാരിയപ്പോള്‍ ഞാന്‍ ഓര്‍‌മ്മകളുടെ പിടിവിട്ട് ഞെട്ടിയറിഞ്ഞു. ദേ, ആ വയോവൃദ്ധന്‍ എന്റെ തൊട്ടരികില്‍!

ഇയാളപ്പോള്‍ മാവുങ്കാലില്‍ ഇറങ്ങിയില്ലേ! വെളുത്ത മുണ്ടും വെള്ള ഷര്‍‌ട്ടും വിലകൂടിയ കണ്ണടയും ഒക്കെ ഉള്ള അയാള്‍ ഒരു പക്കാ മാന്യന്‍ തന്നെ. അയാളുടെ ആ ചാരല്‍ എനിക്കത്ര ദഹിച്ചില്ല. ഞാന്‍ ഈര്‍‌ഷ്യയോടെ അയാളെ ഒന്നമര്‍‌ത്തി നോക്കി. അയാള്‍ അപ്പുറത്തെ സീറ്റിന്റെ കമ്പിയേലേക്കു ചാരാന്‍ തുടങ്ങി. ഇടയ്‌ക്കിടെ ഞെട്ടിത്തിരിഞ്ഞ് ഞാനിരിക്കുന്ന സീറ്റിലേക്കു നോക്കും. വെളുത്ത് സുന്ദരമായ ആ മുഖം വല്ലാതെ ചുളുക്കി വികൃതമാക്കി വെച്ചിരിക്കുന്നു. അയാള്‍‌ക്കവിടെ നില്‍‌ക്കാന്‍ പറ്റുന്നില്ല. മനസ്സില്‍ അയാളെന്നെ ആഞ്ഞടിക്കുന്നതും പുളിച്ച തെറിപറയുന്നതും ഞാന്‍ അറിഞ്ഞു. ഞാന്‍ പക്ഷേ ഒന്നുമറിയാത്ത പാവത്തെ പോലെ ചേച്ചിയോട് ചേര്‍ന്നിരുന്നു. ബസ്സില്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ നില്‍ക്കുന്നുള്ളൂ. കിഴക്കുംകര സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സ്ത്രീ റിസര്‍‌വേഷന്‍ സീറ്റുകള്‍ ഏകദേശം കാലിയായി. അയാള്‍ ആ സ്ത്രീയെ വല്ലാത്ത ശക്തിയില്‍ തോണ്ടി വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവര്‍ ഞെട്ടിയറിഞ്ഞു.

“ദാ ലേഡീസ് സീറ്റ് ഒഴിഞ്ഞിരിക്കുന്നു. അവിടെ പോയി ഇരുന്നോ…”
“ഇനി അത്രല്ലേ ഉള്ളൂ, സാരമില്ല”
അയാള്‍ വീണ്ടും അതേ വാക്യം ആവര്‍ത്തിച്ചു. അവരും അതേ ഉത്തരം വീണ്ടും ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞത് സത്യമായിരുന്നു. കിഴക്കുംകരയില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ഒരു കിലോമീറ്റര്‍ പോലും ദൂരമില്ല. പിന്നെ ഇയാള്‍ക്കിതെന്തിന്റെ കേട്? ഇന്നൊരു കുടുംബകലഹം ഉറപ്പ്! ബസ്സ് കാഞ്ഞങ്ങാടെത്തി. അയാള്‍ ആദ്യം ഇറങ്ങി, ബസ്സിന്റെ മുമ്പിലേക്ക് മാറി നിന്നു. ഞാന്‍ തൊട്ടുപിന്നലെ ഇറങ്ങി. അയാള്‍ എന്നെ നോക്കി. മുഖാമുഖം! ഞാന്‍ ഒന്നു ചിരിച്ചു. ഒരു കൊച്ചു കുസൃതിയോടെ ഒന്നു കണ്ണിറുക്കി കാണിച്ച് നേരെ നടന്നു. അമ്മ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു…

About The Author

Related posts

6 Comments

Leave a Reply

Your email address will not be published. Required fields are marked *

Responsive WordPress Theme Freetheme wordpress magazine responsive freetheme wordpress news responsive freeWORDPRESS PLUGIN PREMIUM FREEDownload theme free