October 21, 2011 - Rajesh Odayanchal

ഒരു സഹായം – ഹെപ്പറ്റൈറ്റിസ് ബി-ക്കു മരുന്നുണ്ടോ?

മഞ്ഞപ്പിത്തം എന്ന പേരിൽ നാട്ടിലൊക്കെ അറിയപ്പെടുന്ന ഒരു കരൽരോഗമാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഈ എന്നിങ്ങനെ 5 തരത്തിൽ ഉള്ളതിൽ ബി ആണ് അപകടകാരി. ഇതുമൂലം മരിക്കുന്നവർ ഏറെയാണ്.

ഇതിനു മരുന്നുകൾ ഒന്നും തന്നെ അലോപ്പതിയിൽ ഇല്ല എന്നാണറിയാൻ സാധിച്ചത്. എന്നാൽ മനോരമയിൽ കണ്ട ഒരു വാർത്ത അല്പം ആശാവഹമായി തോന്നി. വാർത്ത താഴെ കൊടുത്തിരിക്കുന്നു. ഈ രോഗത്തെ പ്രതിരോധിക്കാൻ നാടൻവൈദ്യത്തിലും അതുപോലെ ഹോമിയപതിയിലും മർഗങ്ങൾ ഉണ്ടെന്നറിയാൻ കഴിഞ്ഞു. ഇതു വളരെ അത്യാവശ്യമായ ഈ രോഗത്തെക്കുറിച്ചും

ഇതിന്റെ ചികിത്സാരീതികളെ കുറിച്ചും അറിയേണ്ടതുണ്ട്. അറിവുള്ളവർ അതു പങ്കുവെയ്‌ക്കുമല്ലോ. ( രോഗത്തെക്കുറിച്ച് വലിയ അറിവില്ലാത്തവർ ഇതു ഷെയർ ചെയ്‌തും സഹായിക്കാം – അഭിപ്രായങ്ങൾ ഈ പോസ്റ്റിൽ എത്തിക്കാൻ ശ്രമിച്ചാൽ മതിയാവും)

മനോരമയിലെ വാർത്തയിലേക്ക് പോകാം:

ഹെപ്പറ്റൈറ്റിസ് ബി

ലോകത്തിലെ ഏറ്റവും സാധാരണമായതും എന്നാല്‍ ഗുരുതരവുമായ, കരളിനെ ബാധിക്കുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. കരളിലുണ്ടാകുന്ന അര്‍ബുദത്തിന് ഏറ്റവും പ്രധാന കാരണമായാണ് ഇതിനെ കണക്ക് കൂട്ടുന്നത്. മാത്രമല്ല ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഹെപ്പറ്റൈറ്റിസ് ബി കാരണമാകുന്നതായാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.  

എന്താണ് ഹെപ്പറ്റൈറ്റിസ് ബി ഉണ്ടാകാന്‍ കാരണം?
കരളിനെ ആക്രമിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. രക്തത്തിലൂടെയും, രക്തത്തിന്റെ അംശമുള്ള മറ്റ് ശരീരദ്രവങ്ങളിലൂടെയുമാണ് അണുക്കള്‍ ശരീരത്തിലേക്ക് പ്രവഹിക്കുന്നത്. നേരിട്ടുള്ള രക്തബന്ധത്തിലൂടെയും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും, പലര്‍ ഒരുമിച്ചുള്ള മയക്ക് മരുന്നുപയോഗത്തിലൂടെയും ഇത് സംഭവിക്കാം. മാത്രമല്ല പ്രസവസമയത്ത് രോഗാണുബാധയുള്ള സ്ത്രീയില്‍നിന്നും പുതുതായി ജനിക്കുന്ന കുട്ടിയിലേക്കും രോഗാണുക്കള്‍ കടക്കാനിടയുണ്ട്.

എല്ലായ്പ്പോഴും രോഗാണുക്കള്‍ ആരോഗ്യത്തിന് ഭീഷണിയാകാറുണ്ടോ?
ലോകജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ഹെപ്പറ്റൈറ്റിസ് രോഗാണു ബാധയുണ്ടെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇവരില്‍ അന്‍പത് ശതമാനത്തോളം പേരില്‍ യാതൊരുവിധ ലക്ഷണങ്ങളും സാധാരണയായി കാണാറില്ല. രോഗമുളളവരില്‍ ഏകദേശം പത്തില്‍ ഒന്‍പത് (9/10) പേരുടെയും ശരീരത്തില്‍നിന്ന് ക്രമേണ ഇത് ഇല്ലാതാകാമെങ്കിലും ഏകദേശം അഞ്ച് മുതല്‍ പത്ത് ശതമാനംവരെയുള്ള പ്രായപൂര്‍ത്തിയായവർ, അവര്‍ അറിയാതെ തന്നെ ദീര്‍ഘനാള്‍ ഹെപ്പറ്റൈറ്റിസ് ബി വാഹകര്‍ ആയിത്തീരുന്നു എന്നതാണ് സത്യം.

എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ?
പനി, അതിയായ ക്ഷീണം, പേശികള്‍ക്കും സന്ധികള്‍ക്കും ഉണ്ടാകുന്ന വേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് അണുക്കള്‍ നിര്‍ബാധം കരളിനെ ആക്രമിക്കുന്നതിനാൽ, വളരെക്കാലമായി അണുക്കള്‍ ശരീരത്തിലുള്ളവര്‍ക്ക്, കരള്‍വീക്കം കരളിനുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയുണ്ടാവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരക്കാര്‍ക്ക് സ്ഥിരമായുള്ള കരളെരിച്ചില്‍ ഉണ്ടാവുകയും ക്രമേണ അത് കരള്‍വീക്കം അര്‍ബുദം തുടങ്ങിയവയായി പരിണമിക്കുകയുമാണ് കാണാറ്. രോഗബാധയുള്ളവരില്‍ ഒരു ശതമാനം ആളുകള്‍ക്ക് അതിഗുരുതരമായ ‘ഫുള്‍മിനന്റ് ഹെപ്പറ്റൈറ്റിസ്” എന്ന രോഗം ഉണ്ടാകാറുണ്ട്. ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകരമായി മാറാവുന്ന അവസ്ഥയാണിത്. രോഗം മൂലം കഷ്ടപ്പെടുന്നവരുടെ ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറം ആയി മാറുകയും, വയര്‍ അമിതമായി വീര്‍ക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് ഇത് ചികിത്സിക്കപ്പെടുന്നത്
ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സയ്ക്ക് നിരവധി മരുന്നുകള്‍ ലഭ്യമാണ്. മിക്കപ്പോഴും നാലുമാസം നീണ്ടുനില്‍ക്കുന്ന ‘ഇന്റര്‍ഫെറോണ്‍” (interferon) എന്ന മരുന്നിന്റെ കുത്തിവയ്പ്പാണ് പ്രധാനമായിട്ടുള്ളത്. ദിവസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കാന്‍ കൊടുക്കുന്ന ‘ലാമിവുഡിന്‍” എന്ന മരുന്നും ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. ചികിത്സാരീതി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ്. മാത്രമല്ല ചിലപ്പോഴൊക്കെ ലാമിവുഡിന്‍ ഇന്റര്‍ഫെറോണുമായി ചേര്‍ന്ന് നല്‍കുന്ന രീതിയും അവലംബിക്കാറുണ്ട്. പക്ഷെ അധികനാളായി ¨ രോഗാണുക്കള്‍ ശരീരത്തില്‍ വഹിക്കുന്നവര്‍ക്ക് കരള്‍മാറ്റിവയ്ക്കേണ്ടി വരും.

ഹെപ്പറ്റൈറ്റിസ് ബി യെ പ്രതിരോധിക്കാന്‍ കഴിയുമോ?
തീര്‍ച്ചയായും, സുരക്ഷിതവും, ഫലപ്രദവുമായ കുത്തിവയ്പിലൂടെ ഇത് തടയാന്‍ കഴിയും എങ്കിലും ലോകത്താകനമാനം നാനൂറ് ദശലക്ഷം ആളുകള്‍ രോഗാണു വാഹകരാണെന്നിരിക്കെ. കുത്തിവയ്പ് അത്ര ഫലപ്രദമല്ല എന്നതാണ് സത്യം.

ഈ വിവരങ്ങൾ മനോരമയിൽ നിന്നും എടുത്തതാണ്…

ഞാനിത് എഴുതാൻ കാരണം നാട്ടിൽ ഒരു കുടുംബത്തിൽ ഈ രോഗം ബാധിച്ച് മൂന്നുപേർ പലപ്പോഴായിട്ട് മരിക്കുകയുണ്ടായി. അതിൽ ഒരാളുടെ രണ്ട് കുട്ടികളും ഇപ്പോൾ ഈ വൈറസ് വാഹകരാണ്. ജീവിതത്തെക്കൂറിച്ച് സ്വപ്‌നം കണ്ടു തുടങ്ങുന്ന പ്രായത്തിൽ തന്നെ മരണത്തെ കൂടി പ്രതീക്ഷിച്ചാണവർ കഴിയുന്നതെന്നു പറയാം. പ്രസിദ്ധരായ ഡോക്‌ടർമാരൊക്കെ ഇതിനു മരുന്നില്ല എന്നും പറഞ്ഞു കൈ ഒഴിഞ്ഞു. എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു.

രോഗത്തെ കുറിച്ച് കൂടുതൽ
ഈ പേജ് നോക്കുക
വിക്കിപീഡിയയിൽ…,
മലയാളം വിക്കിപീഡിയയിലെ ശുഷ്‌കമായ ലേഖനം..

cirrhosis / HBV / Hepatitis B / jaundice / കരൾ വീക്കം / മഞ്ഞപ്പിത്തം / സീറോസിസ് / ഹെപ്പറ്റൈറ്റിസ് ബി

Leave a Reply