ഇ – മെയിൽ തട്ടിപ്പുകൾ | email cheating

ഇ – മെയിൽ തട്ടിപ്പുകൾ | email cheating

കള്ളത്തരങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണല്ലോ നമ്മുടേത്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നറുക്കിട്ടെടുത്ത് കോടികള്‍ നേടിയെന്നും ഈമെയിലൈഡികള്‍ നറുക്കിട്ട് ഡോളറുകള്‍ കിട്ടിയെന്നും ഒക്കെ പറഞ്ഞ് പലതരത്തിലുള്ള മെയിലുകള്‍ വന്ന് നമ്മുടെ ഇ-യുഗത്തിലും തട്ടിപ്പുകള്‍ ചുവടുറപ്പിച്ചു. അറിവും വിവേകവും ഉള്ള പലരും അറിയാതെ തന്നെ ഇത്തരം കെണിക്കുഴികളില്‍ അകപ്പെട്ട് പണം നഷ്ടമാക്കിയിട്ടും ഉണ്ട്. പലരും പിടിക്കപ്പെട്ടു. പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാലും തട്ടിപ്പിനോ തട്ടിപ്പിനിരയാവുന്നവര്‍ക്കോ യാതൊരു കുറവും കാണാറുമില്ല.

ഇതാ ഇന്നു കിട്ടിയ ഒരു മെയില്‍. പറയുന്നത് എന്റെ എ.ടി.എം. മാസ്‌റ്റര്‍‌കാര്‍ഡിന് ഏകദേശം 3 മില്യൺ ഡോളർ രൂപ കിട്ടിയിട്ടുണ്ടെന്നും അതിനായി ഞാൻ അത്യാവശ്യവിവരങ്ങളൊക്കെ ഫിൽ ചെയ്ത് അവരുമായി ബന്ധപ്പെടണമെന്നും ആണ്. ഇത്തരം മെയിലുകൾ പലർക്കും കിട്ടിയിരിക്കും, ചിലർ തമാശയ്‌ക്കെങ്കിലും ഇതൊന്നു ഫിൽ ചെയ്തയച്ചേക്കാം എന്നു കരുതും. അപകടമാണ്. വിശ്വസിനീയമായ പല കാരണങ്ങൾ നിങ്ങളുടെ മുമ്പിൽ നിരത്തി പിന്നീട് നിങ്ങളുടെ മാസ്റ്റർ‌ കാർഡ് ഡീറ്റൈൽസ് മോഷ്ടിക്കാൻ ഇവർക്കു പറ്റും. കള്ളത്തരത്തിൽ പിഎച്ച്ഡി എടുത്തിരിക്കുന്ന ഇക്കൂട്ടരുടെ വാഗ്‌സാമർത്ഥ്യത്തിനു മുമ്പിൽ ചിലപ്പോൾ നമ്മുടെ അറിവും ലോകപരിചയവും നിഷ്‌പ്രഭമായിപ്പോവാം. മെയിൽ നോക്കുക:

ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ഈ അടുത്താണ് ഒരു സുഹൃത്തിന്റെ അങ്കിൾ ഇതുപോലെ ഒരു ഓൺലൈൻ വഞ്ചനയിൽ പെട്ട് ഏകദേശം 80,000 -ത്തോളം രൂപ കളഞ്ഞത്. മൂന്നു തവണകളായി പല ആവശ്യങ്ങൾക്കായിട്ടാണിതു വാങ്ങിച്ചത്. പിന്നീട് കിട്ടാൻ പോകുന്ന പണത്തിന്റെ ടാക്സ് ജനീവയിൽ അടയ്‌ക്കണമെന്നും അതിനായി രണ്ടര ലക്ഷത്തോളം രൂപ വേണമെന്നും അവർ ആവശ്യപ്പെട്ടപ്പോൾ ചെറിയൊരു വിമ്മിട്ടം പുള്ളിക്കാരനു തോന്നുകയും ഞങ്ങളോട് പറയുകയും ചെയ്യുകയായിരുന്നു. തട്ടിപ്പാണെന്ന് എത്ര പറാഞ്ഞിട്ടും പുള്ളിയത് വിശ്വ്വാസിക്കാൻ കൂട്ടാക്കിയില്ല. ഞങ്ങളിതു തട്ടിപ്പാണെന്നു പറയുന്നതൊക്കെ കേട്ടിരുന്ന്ശേഷവും പുള്ളിക്കാരൻ പറഞ്ഞതിങ്ങനെയാണ് ബാക്കി കൂടി അടച്ചേക്കാം അല്ലെങ്കിൽ അടച്ചതു കൂടി പോവില്ലേ എന്ന്!! എനിക്കിത്തരം മെയിലുകൾ എന്റെ യാഹൂ ഐഡിയിലേക്ക് സ്ഥിരമായി വരാറുണ്ടായിരുന്നു, പിന്നീട് അവയൊക്കെ പുള്ളിയെ കാണിക്കുകയും, ഇതുമായി ബന്ധപ്പെട്ട് വന്ന പത്ര വാർത്തകൾ കാണിക്കുകയും ഒക്കെ ചെയ്തിട്ടും അദ്ദേഹത്തിനു ഞങ്ങളെ വിശ്വസിക്കാൻ ചെറിയ വിഷമമായിരുന്നു. ജനീവയിൽ നിന്നെന്നും പറഞ്ഞു വിളിച്ച അതിന്റെ ഒരു റപ്രസെന്റേറ്റിവിനോട് എന്റെ കൂട്ടുകാരൻ ഇദ്ദേഹത്തിന്റെ മുമ്പിൽ നിന്ന് സംസാരിക്കുകയും ചെയ്തു. ഞങ്ങൾ ഇടപെട്ട ശേഷം അവർ ബന്ധപ്പെടുകയോ, മെയിൽ അയക്കുകയോ ചെയ്തിട്ടില്ലാത്രേ!

ഈ തട്ടിപ്പിൽ ഞാൻ പെട്ട കാര്യം ഇനി വേറൊരാൾ അറിയരുത് എന്ന ധാരണയിൽ ഒപ്പുവെപ്പിച്ച ശേഷമാണ് പിന്നെ ആ ചേട്ടൻ ഞങ്ങളെ വിട്ടത്. കമ്പ്യൂട്ടർ കൂടുതൽ ജനകീയമായ ഇന്ന് പലരും ഇന്റർനെറ്റിന്റെ മായികാലോകത്തേക്ക് കടന്നു വരുന്നുണ്ട്. നെറ്റിൽ വിരിയുന്ന വിസ്‌മയങ്ങളിൽ മയങ്ങിവീഴുന്ന ഇവർക്ക് പലപ്പോഴും ചതിക്കുഴികൾ മനസ്സിലാക്കിയെടുക്കാൻ താമസം വരും. അതുകൊണ്ട് ഇത്തരം മെയിലുകൾ നിങ്ങളുടെ ഇൻബോക്സിലേക്കു വരുന്നുണ്ടെങ്കിൽ മറിച്ചൊന്നും ചിന്തിക്കേണ്ടതില്ല ഡിലീറ്റ് ചെയ്തേക്ക്.

Leave a Reply

Your email address will not be published. Required fields are marked *