അവശേഷിപ്പുകള്‍‌

അവശേഷിപ്പുകള്‍‌

A Modern Artപുസ്തകങ്ങള്‍‌ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും‌ സ്വന്തമാക്കുക എന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍‌ കാര്യമായി ഒന്നും‌ വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍‌ കഴിഞ്ഞ് അഞ്ചാറു വര്‍‌ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍‌ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. എന്റെ നല്ലതുകള്‍‌ പലര്‍‌ക്കും‌ ചീത്തയാണെന്നുള്ളതും‌ ഒരു പ്രശ്‌നമാണ്. “എനിക്കു കുറച്ചു നല്ല പുസ്തകങ്ങള്‍‌ സെലെക്‌ട്‌ ചെയ്തു വെക്കാമോ?” എന്ന് ഒരിക്കല്‍‌‌ നാട്ടില്‍‌ പോയപ്പോള്‍‌ ലൈബ്രറേറിയനോട്‌ ചോദിക്കുകയുണ്ടായി. അന്നു വൈകുന്നേരം‌ അവന്‍‌ സെലക്‌ട്‌ ചെയ്തു താഴെ പീടികയില്‍‌ ഏല്‍‌പ്പിച്ച് പുസ്തകങ്ങള്‍‌ കണ്ട് ഞാന്‍‌ നടുങ്ങി! കോട്ടയം‌ പുഷ്പനാഥിന്റെ മൂന്നു പുസ്തകങ്ങള്‍‌, മെഴുവേലി ബാബിവിന്റെ ഒരു പുസ്തകം‌, മാത്യൂമറ്റത്തിന്റെ ഒരു പുസ്തകം‌ അങ്ങനെ അഞ്ചെട്ടെണ്ണം‌! അവനെ കുറ്റം‌ പറഞ്ഞിട്ടുകാര്യമില്ല, ഏറ്റവും‌ കൂടുതല്‍‌ വായനാക്കാരുള്ളതിനെ നല്ല പുസ്തകമായി കരുതുക സ്വാഭാവികം.

ഭാഷ അഞ്ചുവയസുകാരന്റെ കളിക്കൊഞ്ചല്‍‌ പോലെ സൗമ്യമായാല്‍‌ നന്ന്‌. ശക്തിയും‌ തീഷ്‌ണവും‌ ഹൃദ്യവുമായ പ്രയോഗങ്ങളുണ്ടായാല്‍‌ അതിലേറെ നന്ന്‌. ഒ.വി. വിജയനെ ഉള്‍‌ക്കൊള്ളാന്‍‌ എനിക്കായിട്ടില്ല; ആകെ ഇഷ്‌ടപ്പെട്ടെന്നു പറായാവുന്നത്‌ ‘ഖസാക്കിന്റെ ഇതിഹാസം‌’ മാത്രം‌! ധര്‍‌മപുരാണം! എന്റമ്മോ!! എന്തൊരു കൃതിയാണത്‌? ഓര്‍‌മ്മ ശരിയാണെങ്കില്‍‌ അതു തുടങ്ങുന്നതു തന്നെ ‘പ്രജാപതിക്കു തൂറാന്‍‌മുട്ടി..’ എന്നും‌ പറഞ്ഞുകൊണ്ടാണ്. പിന്നെ പ്രജാപതിയുടെ തൂറല്‍‌ പ്രക്രിയയുടെ ലൈവ്‌ സം‌പ്രേഷണവും‌ പ്രതിപക്ഷം‌ തീട്ടത്തിനു ചുറ്റും‌ വട്ടം‌ കൂടി വാരിക്കൊണ്ടുപോകുന്നതും‌ ഒക്കെയായി സം‌ഗതി പുരോഗമിക്കുന്നു. പ്രജാപതിയുടെ ഉണരാത്ത ജനനേന്ദ്രിയത്തെ ഉണര്‍‌ത്താന്‍‌ നഗ്നാം‌ഗിമാര്‍‌ നടത്തുന്ന ശ്രമവും‌ അവനൊന്നനങ്ങിയപ്പോള്‍‌ മുഴങ്ങിക്കേള്‍‌ക്കുന്ന ‘ദൂരദൂരമുയരട്ടെ…” പാട്ടുമൊക്കെയായി നോവല്‍‌ തകര്‍‌ത്തു വാരുന്നു. പകുതി വായിച്ചതിനാലോ എന്തോ എനിക്കെന്താ മൂപ്പര്‍‌ ഉദ്ദേശിച്ചതെന്ന്‌ ഒരെത്തും‌ പിടിയും‌ കിട്ടിയില്ല; അവിടെ നിര്‍ത്തി. ആ നിലവാരത്തിലേക്കുയരാന്‍‌ എനിക്കായിട്ടില്ലാത്തതിനാലാവാനേ വഴിയുള്ളൂ, അല്ലാതെ ഒ.വി. വിജയനെ കുറ്റം‌ പറയാന്‍‌ ഞാനാര്?

എം‌.ടി. യുടെ കഥകളൊക്കെ എനിക്കിഷ്ടമാണ്, ഒ.എന്‍.വി. യുടെ കവിതകളും‌ ഇഷ്ടമാണ്, മഹാകവി പി. യുടെ ‘നിത്യകന്യകയെ തേടി’ എന്ന കൃതി വായിച്ചതിനു കണക്കില്ല. ബാലചന്ദ്രന്‍‌ ചുള്ളിക്കാടിന്റെ ‘ചിദം‌ബരസ്മരണകള്‍‌’ എന്‍‌. മോഹനന്റെ ‘ഇന്നലത്തെ മഴ’ ലിസ്റ്റ്‌ നീളുന്നു…. തമിഴറിയാഞ്ഞിട്ടു കൂടി സി. വി. രാമന്‍‌പിള്ളയുടെ മാര്‍‌ത്താണ്ഡവര്‍മ്മയും‌ ധര്‍‌മ്മരാജയും‌ ഞാന്‍‌ ആസ്വദിച്ചുതന്നെയാണു വായിച്ചത്‌. ലക്ഷണമൊത്ത ആദ്യനോവലും‌ നല്ല താല്പര്യത്തോടെതന്നെ വായിച്ചു തീര്‍‌ത്തിരുന്നു. തകഴിയെ മറക്കാനാവില്ല; എസ്‌.കെ. പൊറ്റക്കാടിനേയും‌. ‘കാപ്പിരികളുടെ നാട്ടിലെ’ വിശേഷങ്ങള്‍‌ ഇന്നും‌ മനസ്സില്‍‌ നിറഞ്ഞു നില്‍‌ക്കുന്നു. വായിക്കുമ്പോളൊക്കെ ഒരു പുഞ്ചിരി ചുണ്ടിലുണര്‍ത്തുന്ന ബേപ്പൂര്‍‌‌ സുല്‍‌ത്താനെ മറന്നിട്ടുള്ള യാതൊരു കളിയുമില്ല. മലയാറ്റൂര്‍‌ രാമകൃഷ്‌ണന്റെ യക്ഷിയും‌, മരണം‌ രം‌ഗബോധമില്ലാത്ത കോമാളിയാണെന്ന്‍‌ ഇടയ്‌ക്കിടയ്‌ക്കോര്‍‌മ്മിപ്പിക്കുന്ന എം.ടി. വാസുദേവന്നായരുടെ ‘മഞ്ഞി’ലെ സര്‍ദ്ദാര്‍‌ജിയും‌ പിന്നെ വിമലടീച്ചറും ബുദ്ദൂസും‌ എന്തിനേറെ ഹോസ്റ്റലില്‍‌ നിന്നും‌ കള്ളം‌ പറഞ്ഞിട്ടിറങ്ങിപ്പോകുന്ന ആ പെണ്‍‌കുട്ടി വരെ മനസ്സിലിന്നും‌ ജീവിക്കുന്നു. ഏകാന്തവേളകളില്‍‌ പടയണിത്താളത്തില്‍‌, കാട്ടാളവേഷത്തില്‍‌ കടമ്മനിട്ട ഉടുക്കുകൊട്ടി കവിത പാടാറുണ്ട്. വിവശമദാലസഭാവത്തില്‍‌ കുളികഴിഞ്ഞീറന്‍‌ മാറ്റി വന്ന പ്രേയസ്സിയോട്‌ എന്‍‌ എന്‍‌ കക്കാട്‌ നാലഞ്ചു വര്‍ത്തമാനങ്ങള്‍‌ പറയുന്നത്‌ അല്പം‌ വേദനയോടെ ഓര്‍‌ക്കുന്നു. കാരൂരും‌‌ പകുതിമലയാളി ഖാദറും‌ മരണത്തിന്റെ മണിനാദം‌ കേട്ടെന്നെന്നേക്കുമായി കണ്ണടച്ച്‌ കാല്പനികതയുടെ നെടും‌തൂണും‌ പതിതമാനസനായ ഇടപ്പള്ളിയും‌ ചങ്ങമ്പുഴയും‌ കവിത്രയങ്ങളും‌ കമ്യൂണിസ്‌റ്റ്‌ കവിത്രയങ്ങളും‌, വേണ്ട, ഇഷ്ടങ്ങളങ്ങനെ പറഞ്ഞാല്‍‌ തീരുന്നതല്ല…

Modern Art - Indianദ്വയാര്‍‌ത്ഥമൊക്കെ ഇരിക്കട്ടെ, ഭാഷ എന്തിന്നിത്ര കാഠിന്യമുള്ളതാക്കണം? മഹാകവി പിയുടെ ‘മെക്കാളെയുടെ മകള്‍‌’ എന്ന കവിത എത്ര മനോഹരമാണ്, അതിലും‌ ദ്വയാര്‍‌ത്ഥം‌ തന്നെയല്ലേ, പിയുടേ തന്നെ ‘കളിയച്ഛന്‍‌’ മൂന്നു തലത്തില്‍‌ നിന്നും‌ വായിച്ചെടുക്കാനാവുന്ന മറ്റൊരു ക്ലാസിക്‌. എന്നാലും‌ വളരെ ലളിതം‌. സച്ചിദാനന്ദന്‍‌ എഴുതുന്നത്‌ എന്താണാവോ? മോഡേണിസവും‌ പോസ്റ്റ്‌ മോഡേണിസവും‌ ഒക്കെയായി കവിതയും‌ നോവലും‌ ആഞ്ഞടിച്ചിറങ്ങുമ്പോള്‍‌ എന്നേപ്പോലുള്ളവര്‍ക്ക്‌ ഒന്നും‌ തിരിയാതെ നോക്കി നില്‍‌ക്കാനേ ആവുന്നുള്ളൂ? ബിം‌ബങ്ങളാണത്രേ! സൗന്ദര്യത്തിനോ ഘടനയ്‌ക്കോ അല്ല പ്രധാന്യം! പ്രാസമോ? വൃത്തമോ? ഛേ! താനെന്താ അച്ചീചരിതകാരന്‍‌മാരുടെ കാലത്താണോ ജീവിക്കുന്നത്‌? എന്നൊരു സുഹൃത്തു പറഞ്ഞതോര്‍‌ക്കുന്നു. ബിം‌ബങ്ങളെ നിറയ്‌ക്കുക! നട്ടപ്പതിരയ്‌ക്ക്‌ വെള്ളമടിച്ച്‌ ഒരുത്തനിരുന്നെഴുതുന്ന ബിം‌ബങ്ങളെ കവിതയിലും‌ കഥയിലും‌ തെരയാന്‍‌ എനിക്കത്രമാത്രം‌ വട്ടില്ല എന്നു തന്നെ കരുതുന്നു.

ഭാഷയുടെ കാഠിന്യം‌, അതു വേറൊരു കീറാമുട്ടി. ‘ദാസ്‌ ക്യാപിറ്റല്‍‌’ – മൂലധനം‌’ വായിച്ചിട്ടുണ്ട്‌, സം‌ഭവം‌ ഏതാണ്ടൊക്കെ തലയില്‍‌ കേറുകയും‌ ചെയ്തു. വിപ്ലവം‌ തലയ്‌ക്കുപിടിച്ചപ്പോള്‍‌ ഒരിക്കല്‍‌ തോന്നി ഇ.എം.എസ്സിനെ അങ്ങു വായിച്ചു തീര്‍‌ത്തേക്കാമെന്ന്‌. തീവില കൊടുത്ത്‌ മൂന്നു പുസ്തകങ്ങള്‍‌ വാങ്ങിച്ചു. പേരു പറയുന്നില്ല, നിങ്ങളെന്നെ കളിയാക്കും! മൂന്നിന്റേയും‌ ആദ്യപേജുകള്‍‌ പോലും‌ വായിക്കേണ്ടി വന്നിട്ടില്ല! ഇങ്ങനേയും‌ എഴുതാമെന്നു മനസ്സിലായി. പറയേണ്ട കാര്യം‌ അല്പം‌ ലളിതമാക്കിയാലെന്തായിരുന്നു? ജനകീയജനാധിപത്യം വഴിമുട്ടിപ്പോവുമായിരുന്നോ? ഇതൊക്കെ കുത്തിയിരുന്നു – കൂട്ടുകാരന്‍‌ സുനില്‍‌ പറഞ്ഞതുപോലെ അല്പം‌ നീട്ടിയിട്ടുതന്നെ കാര്യം! – ‘കുത്തിപ്പിടിച്ചിരുന്ന്‌ ‘ വായിച്ചു തീര്‍‌ത്തവരെ പൂവിട്ട്‌ പൂജിക്കണം‌.

ശ്രീധരേട്ടന്‍‌ ഒരിക്കല്‍‌ ചിത്രകലയെപറ്റി പറയുമ്പോള്‍‌ ഓര്‍‌മ്മിപ്പിക്കുകയുണ്ടായി, ഭാഷ എവിടേയും‌ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നിലേശ്വരം‌കാരന്‍‌ ചീരാമകവി പണ്ടെഴുതിയ രാമചരിതത്തിന്റെ ഭാഷയല്ല ഒറ്റശ്ലോകകാരന്റേത്‌, ഭാഷാപിതാവ്‌ എഴുത്തച്ഛന്റെ ഭാഷയല്ല തുള്ളല്‍‌കാരന്‍‌ നമ്പ്യാരുടേത്‌, ചങ്ങമ്പുഴയല്ല പി. ഭാസ്‌കരന്‍‌. കാലാകാലങ്ങളിലൂടെ ഭാഷയില്‍‌ മാറ്റം‌ വരുന്നു, ആസ്വാദന രീതിയില്‍‌ മാറ്റം‌ വരുന്നു. അതിനനുസരിച്ചു വളരാന്‍‌, ഭാഷ ഉള്‍‌ക്കൊള്ളാന്‍‌ അതാതു കാലഘട്ടത്തിലെ ആള്‍‌ക്കാര്‍‌ ശ്രമിക്കേണ്ടതാണ്. രവിവര്‍മ്മ ചിത്രങ്ങളുടെ കാലം‌ കഴിഞ്ഞു. നിങ്ങളൊരാര്‍‌ട്ട്‌ ഗാലറി സന്ദര്‍‌ശിച്ചുനോക്കുക! കണ്ടിറങ്ങുന്ന നിങ്ങളുടെ മുഖത്തെ ഭാവമെന്തായിരിക്കും? എന്റെ കാര്യം‌ ഇപ്പോഴേ പറയാം‌ ആദ്യത്തെ രണ്ടു ചിത്രങ്ങളൊക്കെ കാണാനുള്ള ക്ഷമയേ എനിക്കുണ്ടാവൂ, ഒരു ചെറുപുഞ്ചിരിയുമായി ഞാനിറങ്ങി വരും‌. ചിത്രകലയിലും‌ ഭാഷ മാറി! ഘടനയല്ല, സൗന്ദര്യമല്ല ബിം‌ബങ്ങളാണു വലുത്‌! ബിം‌ബങ്ങള്‍‌ നീണാള്‍‌ വാഴട്ടെ! ഭാഷയിലെ മാറ്റങ്ങളെ ഉള്‍‌ക്കൊള്ളാനാവാതെ പഴമയ്‌ക്കു ജയ്‌ വിളിച്ച്‌ മൂലയിലൊതുങ്ങി നില്‍‌ക്കുക തന്നെ കാമ്യം‌…

Leave a Reply

Your email address will not be published. Required fields are marked *